ന്യൂഡൽഹി: പാക് അധീന കശ്മീരിലെ ബ്രിട്ടീഷ് പ്രതിനിധിയുടെ സന്ദർശനത്തിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് ഇന്ത്യ. സംഭവം പ്രതിഷേധാർഹമാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. പാകിസ്താനിലെ ബ്രിട്ടീഷ് ഹൈമ്മക്കീഷണർ ജെയ്ൻ മാരിയറ്റ് ആണ് പാക് അധീന കശ്മീരിൽ എത്തിയത്.
പാക് അധീന കശ്മീരിലെ ജെയ്ൻ മാരിയറ്റിന്റെ സന്ദർശനത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വത്ര വ്യക്തമാക്കി. ഇത് ഇന്ത്യയുടെ അഖണ്ഡതയെയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന നടപടിയാണ്. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, ലഡാക്ക് എന്നിവ ഇന്ത്യയുടെ ഭാഗമാണ്. തന്ത്രപ്രധാന ഭാഗങ്ങളാണ്. ഇരു പ്രദേശങ്ങളും എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഭാഗമായി നിലനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ബുധനാഴ്ചയാണ് ജെയ്ൻ മാരിയറ്റ് പാക് അധീന കശ്മീർ സന്ദർശിച്ചത്. മിർപൂരിൽ ആയിരുന്നു ജെയ്ൻ എത്തിയത്. ഇതിന് പിന്നാലെ പാകിസ്താനും ബ്രിട്ടണും തമ്മിലുള്ള ബന്ധത്തിന്റെ വേരിന്റെ 70 ശതമാനവും മിർപൂരിൽ നിന്നാണെന്ന തരത്തിൽ ജെയ്ൻ ട്വിറ്ററിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു. സന്ദർശന വിവരം പുറത്തുവന്നതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ജെയ്‌നിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.









Discussion about this post