ലക്‌നൗ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം മാത്രമാകും പോകുകയെന്ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. പ്രാണപ്രതിഷ്ഠയ്ക്കായുള്ള ക്ഷണക്കത്ത് ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് പരോക്ഷമായി പറഞ്ഞ അഖിലേഷ് യാദവിനെതിരെ പ്രതിഷേധം തുടരുകയാണ്.
ട്വിറ്ററിലൂടെയായിരുന്നു പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ് വ്യക്തമാക്കിയത്. പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങ് മനോഹരമായി പൂർത്തിയാകാനായി ആശംസകൾ നേരുന്നു. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം താനും കുടുംബവും ക്ഷേത്രത്തിൽ ദർശനം നടത്തും. രാമജന്മഭൂമി തീർത്ഥ ക്ഷേത്രട്രസ്റ്റിന് ആശംസകൾ അറിയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇക്കുറി നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും- എസ്പിയും സംയുക്താമായിട്ടാണ് എൻഡിഎ സഖ്യത്തെ നേരിടുന്നത്. പ്രാണപ്രതിഷ്ഠയിൽ നിന്നും വിട്ട് നിൽക്കുമെന്ന് കോൺഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് അഖിലേഷ് യാദവും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചത്.
സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി കൂടിയാണ് അഖിലേഷ് യാദവ്. സംസ്ഥാനത്ത് ഇത്രയും പ്രധാനപ്പെട്ട ചടങ്ങ് നടക്കുമ്പോൾ രാഷ്ട്രീയകാരണത്താൽ അഖിലേഷ് യാദവ് വിട്ട് നിൽക്കുന്നത് ശരിയല്ലെന്നാണ് ഉയരുന്ന വിമർശനം.
Discussion about this post