ഒട്ടാവ : കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം. നർത്തകിയും സമൂഹമാദ്ധ്യമങ്ങളിലെ താരവും ആയിരുന്ന വിദ്യാർത്ഥിനി സാന്ദ്ര സലിമിന്റെ മരണം ചികിത്സ പിഴവ് മൂലം ആണെന്ന് ആരോപണമുന്നയിച്ചാണ് ഇന്ത്യൻ വിദ്യാർഥികൾ കാനഡയിൽ പ്രതിഷേധം നടത്തുന്നത്.
കാനഡയിലെ ഒന്‍റാരിയോ കൊണസ്റ്റോഗാ കോളേജ് വിദ്യാര്‍ത്ഥിനി ആയിരുന്ന സാന്ദ്ര സലിം ക്യാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കാനഡയിൽ വെച്ചാണ് സാന്ദ്രയ്ക്ക് കാൻസർ രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്. എട്ട് മാസം മുമ്പ് വയറ് വേദനയെ തുടർന്ന് നടത്തിയ പരിശോധനയിൽ വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്യുകയും ബയോപ്സിക്ക് അയയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ബയോപ്സിയുടെ റിസൾട്ട് ലഭിക്കാൻ വളരെ വലിയ കാലതാമസം ഉണ്ടായതാണ് രോഗം മൂർച്ഛിക്കാൻ ഇടവരുത്തിയത്.
രോഗം വഷളായതോടെ നാട്ടിലെത്തിച്ച് ചികിത്സ നടത്തിയെങ്കിലും സാന്ദ്ര സലീം മരണത്തിന് കീഴടങ്ങുകയായിരുന്നു. വയറ്റിൽ കണ്ടെത്തിയ മുഴ നീക്കം ചെയ്ത ശേഷം വീണ്ടും കടുത്ത നടുവേദനയുമായി സാന്ദ്ര കാനഡയിലെ ആശുപത്രിയിലെത്തിയിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വേദനസംഹാരി നല്‍കി സാന്ദ്രയെ മടക്കി അയക്കുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതാണ് സാന്ദ്രയുടെ അസുഖം മൂർച്ഛിക്കാൻ കാരണമായത്.
സാന്ദ്രയുടെ അസുഖത്തെക്കുറിച്ച് കാനഡയിലെ ആശുപത്രി കൃത്യമായ രീതിയിൽ വിവരം നൽകിയില്ലെന്നാണ് സാന്ദ്രയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോപണം. നടക്കാൻ പോലും കഴിയാതെ അവശയായ സ്ഥിതിയിലാണ് സാന്ദ്രയെ നാട്ടിലെത്തിക്കുന്നത്. കൊച്ചിയിലെ അമൃത ആശുപത്രിയിൽ എത്തിച്ച വിദഗ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് ക്യാൻസർ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിച്ചതായി കണ്ടെത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ സാന്ദ്ര മരണപ്പെടുകയായിരുന്നു.
Discussion about this post