ലക്‌നൗ: ക്ഷേത്രനഗരിയായ അയോദ്ധ്യയിൽ രാജ്യത്തെ ആദ്യ സെവൻസ്റ്റാർ വെജിറ്റേറിയൻ ഹോട്ടൽ തുറക്കും. അടുത്ത തിങ്കളാഴ്ചയോടെയാണ് ഹോട്ടൽ തുറക്കുക. ക്ഷേത്രനഗരിയിൽ ആഡംബര ഹോട്ടലുകൾ നിർമിക്കാൻ പലരും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും, അതിലൊന്നാണ് ഈ പ്രൊജക്റ്റ് എന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
സരയൂ നദിയുടെ തീരത്ത് നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും. നഗരത്തിൽ ചെറുതും വലുതുമായ ഹോട്ടലുകൾ ഒരുക്കുന്നതിനായി 110 ഓളം ഹോട്ടൽ ഉടമകൾ അയോദ്ധ്യയിൽ ഭൂമി വാങ്ങുന്നുണ്ട്.
രാമക്ഷേത്രത്തിനായുള്ള സ്ഥലം കണ്ടെത്തിയതുമുതൽ 50 ശതമാനത്തോളമാണ് അയോധ്യയിൽ സ്ഥലത്തിന് വിലകൂടിയത്. രാമക്ഷേത്രം വരുന്നതോടെ ഇവിടം ഇന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രാജ്യത്തെ വ്യവസായ പ്രമുഖരെല്ലാം അയോധ്യയിൽ വിവിധ പദ്ധതികൾക്കായി സ്ഥലം വാങ്ങിക്കഴിഞ്ഞു. പ്രധാനമായും ഹോട്ടൽ, ഹൗസിങ് കോളനികൾക്കുള്ള പദ്ധതികളാണ് ആരംഭിച്ചിട്ടുള്ളത്.
നേരത്തെ ബോളിവുഡ് താരം അമിതാഭ് ബച്ചൻ അയോദ്ധ്യയിൽ വീടുപണിയുന്നതിനായി സ്ഥലം വാങ്ങിയത് വാർത്തയായിരുന്നു.
Discussion about this post