തിരുവനന്തപുരം: സംസ്ഥാനത്ത് കോടിക്കണക്കിന് രൂപ വിലവരുന്ന ആനക്കൊമ്പുകൾ കെട്ടികിടക്കുന്നതായി വിവരം. വനംവകുപ്പിന്റെ സ്‌ട്രോംഗ് റൂമുകളിലും സംസ്ഥാനത്തെ ട്രഷറികളിലും സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ കേന്ദ്രനിയമഭേദഗതി പ്രകാരം കത്തിച്ചുകളയണമെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അഭിപ്രായം. എന്നാൽ വിവാദം ഭയന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ കൈമലർത്തി.
കാട്ടാനകളും നാട്ടാനകളും ഉൾപ്പെടെ ഒരുവർഷം അറുപതിൽപ്പരം ആനകൾ കേരളത്തിൽ ചരിയുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇവയുടേതും റെയ്ഡുകളിൽ പിടിച്ചെടുത്തതുമാണ് പലയിടത്തായി സൂക്ഷിച്ചിരിക്കുന്നത്. ഇവയെല്ലാം കൂടി 15 ടണ്ണിലധികം വരും. സുരക്ഷാ കാരണങ്ങളാൽ കൃത്യമായ കണക്ക് പുറത്തുവിടാറില്ല.
2023 ഏപ്രിൽ 1ന് വിജ്ഞാപനം ചെയ്ത കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം ചരിയുന്ന ആനകളുടെ കൊമ്പുകൾ അവയ്‌ക്കൊപ്പം സംസ്‌കരിക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. സ്ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകൾ സംസ്ഥാന സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി പരിശോധിച്ച ശേഷമാണ് കത്തിക്കേണ്ടത്. ജൂലായ് 17ന് ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡന്മാർക്ക് കത്ത് നൽകിയിരുന്നു. ഇക്കാര്യത്തിൽ ഇതുവരെ മന്ത്രിതല ചർച്ച നടക്കാത്തതിനെത്തുടർന്നാണ് ഉദ്യോഗസ്ഥർ രംഗത്തെത്തിയത്. പെട്രോളൊഴിച്ച് കത്തിച്ചാലും പൂർണമായും കത്തിത്തീരാൻ ദിവസങ്ങളെടുക്കുമെന്നും അത് അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുമെന്നും ഭയന്നാണ് നടപടി എടുക്കാത്തതെന്നാണ് വിവരം.
Discussion about this post