വസ്ത്രത്തോടൊപ്പം തന്നെ ഫാഷൻ ലോകത്ത് ഏറെ പ്രാധാന്യമുള്ളതാണ് പാദരക്ഷകൾ. പേര് പോലെ തന്നെ പാദങ്ങളുടെ രക്ഷകരനാണ് പാദരക്ഷകൾ. ചെരുപ്പു വാങ്ങുമ്പോൾ വില, ഈട്, ഭംഗി എന്നിവയ്‌ക്കൊപ്പം അതിൻറെ മെറ്റീരിയൽ, ഷെയ്പ്പ്, ഹീൽ, വലുപ്പം എന്നിവയും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവർക്കും ഒരുപോലെ ചേരുന്ന ഒരു പാദരക്ഷ കണ്ടുകിട്ടില്ല. ഓരോരുത്തർക്കും വ്യത്യസ്തമായ അളവും ആവശ്യവുമായിരിക്കും. കൂടാതെ ഒരാളുടെ ശരീരഭാരം, അയാൾ നടക്കുന്ന പ്രതലങ്ങൾ, അയാളുടെ പാദങ്ങളുടെ ആകൃതി എന്നിവയെല്ലാം കണക്കിലെടുത്തുവേണം പാദരക്ഷകൾ തിരഞ്ഞെടുക്കാൻ.
പാദങ്ങളുടെ അളവ് കൃത്യമായി എടുക്കുകയാണ് ചെരിപ്പ് വാങ്ങുന്നതിനു മുൻപ് ആദ്യം ചെയ്യേണ്ടത്. ചിലരുടെ രണ്ട് പാദത്തിനും വ്യത്യസ്തമായ അളവാകും. ഇത്തരക്കാർ കൂടിയ അളവിലുള്ള പാദത്തിന്റെ പാകത്തിലാണ് ചെരിപ്പ് തിരഞ്ഞെടുക്കേണ്ടത്.
അകത്തേക്കുള്ള വളവ് അഥവാ ആർക് ഷെയ്പ് അനുസരിച്ച് പാദങ്ങളെ മൂന്നാക്കി തിരിക്കാം. പാദത്തിന്റെ ആർക്കിനോടു ചേർന്നിരിക്കുന്ന ഷൂസാണ് തിരഞ്ഞെടുക്കേണ്ടത്. പാദത്തിന്റെ ആകൃതിയെക്കുറിച്ചു വ്യക്തമായ ധാരണ കിട്ടിയില്ലെങ്കിൽ തറയിൽ പതിഞ്ഞ കാലടികൾ ശ്രദ്ധിക്കുക. കാലടിയുടെ മുക്കാൽഭാഗം തറയിൽ കാണാമെങ്കിൽ നിങ്ങളുടെ പാദത്തിന് വളഞ്ഞഭാഗം കുറവാണെന്നു മനസ്സിലാക്കാം. കുറച്ചു ഭാഗമേ കാണുന്നുള്ളു എങ്കിൽ വളഞ്ഞഭാഗം കൂടുതലുള്ള പാദങ്ങളാണെന്നും മനസ്സിലാക്കാം.
ആർക് ഭാഗം കുറഞ്ഞ പാദങ്ങളുള്ളവർക്ക് മസിൽ സ്‌ട്രെസ്സും പാദങ്ങളിലും കാലുകൾക്കും സന്ധിപ്രശ്‌നങ്ങളും കൂടുതലാകും. അതുകൊണ്ട് ആ ഭാഗത്തിന് താങ്ങു കിട്ടുന്ന വിധത്തിൽ പരന്ന സോളുള്ള ചെരിപ്പ് തിരഞ്ഞെടുക്കുക. വളഞ്ഞ കാലടികൾ ഉള്ളവർക്ക് സന്ധികളിലും പേശികളിലും കൂടുതൽ ആയാസമനുഭവപ്പെടാറുണ്ട്. പാദത്തിനും ഉപ്പൂറ്റിക്കും വേദനയും തോന്നാം. നടക്കുമ്പോഴുള്ള ആയാസം കുറയ്ക്കുന്ന വിധത്തിൽ കുഷൻഡ് ആർക് സപ്പോർട്ട് ഉള്ള ഷൂസും ചെരിപ്പുമാണിവർ ഉപയോഗിക്കേണ്ടത്. കൂടുതൽ വളഞ്ഞതും വളവു കുറഞ്ഞതുമല്ലാത്ത ഇടത്തരം പാദങ്ങളുള്ളവർക്ക് ചെരിപ്പുകളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ല.വ്യയാമം ചെയ്യുമ്പോൾ അണിയുന്ന ഷൂസുകൾ ഉറപ്പും ദൃഢതയും കൂടുതലുള്ളവയാകും. ചെരിപ്പുകൾ പ്രത്യേകിച്ച് ജോഗിങ് ഷൂസ് തിരഞ്ഞെടുക്കുമ്പോൾ ഷൂ കയ്യിലെടുത്ത് മുകളിലേക്കു വളച്ചു നോക്കുക. വളയ്ക്കുമ്പോൾ ഷൂവിൽ നിന്നു തിരിച്ച് തള്ളൽ അനുഭവപ്പെടുന്നുണ്ടോ എന്നും നോക്കുക. ഫ്‌ലെക്‌സിബിലിറ്റി ഉള്ളവയാണു നല്ലത്.
ചെരുപ്പു വാങ്ങാൻ ഏറ്റവും യോജിച്ച സമയം ഏതാണ്? അത് വൈകുന്നേരം തന്നെ. എല്ലാവരുടേയും പാദങ്ങൾക്ക് വൈകുന്നേരത്തോടെ ഒരൽപം വലുപ്പം കൂടാറുണ്ട്. പ്രത്യേകിച്ചും മധ്യവയസുകഴിഞ്ഞവരിൽ (നീർവീക്കം). അതു കണക്കാക്കി വൈകിട്ട് പാദരക്ഷ തിരഞ്ഞെടുക്കാം.
എത്ര ഉയരമുള്ളവരും ഫാഷനബിൾ ആകാൻ ഹൈ ഹീലാണ് ഉപയോഗിക്കുന്നത്. എന്നാൽ എത്ര വിലക്കൂടിയതായാലും അത് പരിധിയിൽ കൂടുതൽ ഉയരമുള്ളതായാൽ നടുവേദനയ്ക്ക് സാധ്യത കൂടുതലുണ്ടെന്ന് കാണിക്കുന്ന ഗവേഷണഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. അശാസ്ത്രീയമായ ചെരുപ്പുകൾ കാൽപാദത്തിലെ പേശീവേദന, മടമ്പുവേദന എന്നിവയ്ക്കും ഇടയാക്കും. ഒരിഞ്ചിൽ കൂടുതൽ ഹീലുള്ള ചെരുപ്പു ധരിക്കുന്നവർ ദിവസം നാലു മണിക്കൂറിലധികം നിൽക്കരുതെന്നാണ് പറയുന്നത്. ഇത് പലവിധത്തിലുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കും.













Discussion about this post