തൃശ്ശൂർ: സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ഗുരുവായൂരിലെത്തിയത് വൻ താരനിര. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മോഹൻലാൽ, ദിലീപ്, തെന്നിന്ത്യൻ താരം ഖുശ്ബു, ജയറാം, സംവിധായകൻ ഷാജി കൈലാസ്, ഭാര്യ ആനി തുടങ്ങി വലിയ താരനിരയാണ് ക്ഷേത്രത്തിലെത്തിയത്. വിവാഹത്തിന് തലേ രാത്രി തന്നെ മോഹൻലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു.
വിവാഹത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹഹാരം എടുത്ത് നൽകിക്കൊണ്ട് വധൂവരൻമാരെ അനുഗ്രഹിച്ചു . ഇതിന് ശേഷം അദ്ദേഹം ഗുരുവായൂരിൽ വിവാഹിതരായ മറ്റ് നവദമ്പതികൾക്കും ആശിർവാദം നൽകി.
ബുധനാഴ്ച രാവിലെ 6.30-ന് ഹെലികോപ്റ്ററിൽ ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി മോദി ക്ഷേത്രദർശനം നടത്തിയശേഷമാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. കിഴക്കേ നട വഴി ക്ഷേത്രത്തിലേക്ക് കയറിയ അദ്ദേഹം വിശേഷാൽ പൂജകളിൽ പങ്കെടുത്തു. ഗുരുവായൂരപ്പന്റെ ദാരുശിൽപം സമർപ്പിച്ചു. പ്രധാനമന്ത്രിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലായിരുന്നു ക്ഷേത്രനഗരി. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും ചേർന്ന് സ്വീകരിച്ചു.
Discussion about this post