മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ മലൈക്കോട്ടൈ വാലിബന്റെ ട്രെയിലർ പുറത്തിറങ്ങി. സരിഗമ ഇന്ത്യാ ലിമിറ്റഡ് തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്. ഏതൊരു സിനിമ ആസ്വാദകനെയും ആവേശത്തിലാഴ്ത്തുന്ന രീതിയിലുള്ള വമ്പൻ ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉള്ളത്. തിയേറ്ററുകളിൽ ജനക്കൂട്ടത്തെ ഇളക്കിമറിക്കാൻ പോകുന്ന ചിത്രം ആയിരിക്കും മലൈക്കോട്ടൈ വാലിബൻ എന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഒരു നാടോടിക്കഥ പോലെ കാലാദേശാന്തരങ്ങൾക്കപ്പുറം നടക്കുന്ന ഒരു കഥയാണ് മലൈക്കോട്ടൈ വാലിബന്റേത് എന്നാണ് ട്രെയിലർ നൽകുന്ന സൂചന. ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയറ്ററുകളിൽ എത്തുക. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
മലയാളത്തിന്റെ സ്വന്തം ബാഹുബലി ആകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. മധു നീലകണ്ഠന്‍ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്.
Discussion about this post