ലക്നൗ: നീണ്ട് അഞ്ഞൂറ് വർഷത്തിന് ശേഷം പ്രിയപ്പെട്ട രാംലല്ലയെ വരവേൽക്കാൻ അയോദ്ധ്യ ഒരുങ്ങിക്കഴിഞ്ഞു. രാമജന്മഭൂമിയിൽ പ്രാണപ്രതിഷ്ഠക്കായുള്ള തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്. ഇന്ന് രാംലല്ല വിഗ്രഹത്തിന്റെ ചിത്രം പുറത്തു വന്നിരുന്നു. ഇന്നലെയാണ് വിഗ്രഹം ഗർഭഗൃഹത്തിൽ സ്ഥാപിച്ചത്. പ്രാണപ്രതിഷ്ഠക്കായി മൂന്ന് ദിവസത്തിന്റെ കാത്തിരിപ്പ് മാത്രം ബാക്കി നിൽക്കെ അവസാന മണിക്കൂറുകളിലെ ഒരുക്കങ്ങൾ വിലയിരുത്താനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ടെന്റ് സിറ്റിയിലെത്തും.
അതേസമയം, പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് കഠിന വൃതത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച്ച മുതൽ പഴങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിന്റെ ആഹാരം. പ്രാണപ്രതിഷ്ഠാ ദിനത്തിൽ പൂർണമായും ഭക്ഷണം ഉപേക്ഷിച്ച് അദ്ദേഹം കഠിനവ്രതത്തിലേക്ക് കടക്കും. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രിയായിരിക്കും മുഖ്യയജമാനനെന്ന് ചടങ്ങുകളുടെ മുഖ്യപുരോഹിതൻ ലക്ഷ്മികാന്ത് ദീക്ഷിത് അറിയിച്ചിരുന്നു.
ഗൗതം അദാനി, രത്തൻ ടാറ്റ, മുകേഷ് അംബാനി, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, എംഎസ് ദോണി, മോഹൻലാൽ, രജനികാന്ത്, അമിതാബ് ബച്ചൻ, മാധുരീ ദീക്ഷിത്, സഞ്ചയ് ലീല ബൻസാരി എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർക്ക് പ്രാണപ്രതിഷ്ഠാ ചടങ്ങിനായുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് പ്രതിഷ്ഠാ ചടങ്ങുകളുടെ നാലാം ദിവസമാണ്. കഴിഞ്ഞ ചൊവ്വാഴ്ച്ച പ്രായശ്ചിത്ത പൂജയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം സരയൂ നദിയിൽ നിന്നുള്ള ജലം വഹിച്ചുകൊണ്ടുള്ള കലശയാത്രയും നടന്നിരുന്നു. ഇന്ന് നവഗ്രഹ പ്രതിഷ്ഠയും ഹവൻ സ്ഥാപിക്കുകയും ചെയ്യും. അരണി കടഞ്ഞ് ഹോമകുണ്ഡത്തിലേക്ക് തീ പകരുന്നു. ഇതിൽ നിന്നുള്ള അഗ്നി ഉപയോഗിച്ച് ക്ഷേത്രത്തിന്റെ ഒമ്പത് മൂലകളിലുള്ള ഒമ്പത് കുണ്ഡങ്ങൾ പ്രകാശിപ്പിക്കും. പ്രാണപ്രതിഷ്ഠാ ദിവസം വരെ ഇരുപത്തിനാല് മണിക്കൂറും ഈ അഗ്നി പ്രകാശിക്കുമെന്ന് പുരോഹിതർ പറയുന്നു.
Discussion about this post