ഛണ്ഡീഗഡ്: പഞ്ചാബില്‍ ആയുധശേഖരം പിടിച്ചെടുത്ത് ബിഎസ്എഫ്. ഫിറോസ്പൂര്‍ ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ നിന്നായിരുന്നു ആയുധങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അതിര്‍ത്തി കടന്ന് പ്രദേശത്തേക്ക് ഡ്രോണ്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ആയുധം പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ വെള്ള നിറത്തിലുള്ള പാക്കറ്റ് കണ്ടെടുക്കുകയായിരുന്നു. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ആയുധങ്ങളാണെന്ന് വ്യക്തമായത്. എകെ 47 തോക്കുകളും , 40 വെടിയുണ്ടകളും 40,000 രൂപയുമാണ് ബിഎസ്എഫ് കണ്ടെടുത്തത്.
ഇതിന് സമീപത്ത് നിന്നും മറ്റൊരു കവറിലായി മയക്കുമരുന്നും ബിഎസ്എഫ് പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് പാക്കറ്റുകളായി 3 കിലോഗ്രാം വരുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്. സംഭവത്തില്‍ ബിഎസ്എഫ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കൂടുതല്‍ പരിശോധന നടത്തുകയും സുരക്ഷ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ കുറേ നാളുകളായി അതിര്‍ത്തി കടന്ന് പഞ്ചാബിലേക്ക് ഡ്രോണ്‍ എത്തുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും കോടികള്‍ വിലമതിയ്ക്കുന്ന ഹെറോയിനുമായി പാക് ഡ്രോണ്‍ അതിര്‍ത്തി കടന്ന് എത്തിയിരുന്നു.
Discussion about this post