നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹത്തിന് ധരിച്ചിരുന്ന ആഭരണങ്ങളെക്കുറിച്ച് വരെ വലിയ കഥകളാണ് ചില ഓൺലൈൻ മാദ്ധ്യമങ്ങൾ പടച്ചു വിട്ടിരുന്നത്. മോഹൻലാലും മമ്മൂട്ടിയും ആണ് ഭാഗ്യയുടെ ആഭരണങ്ങൾ വാങ്ങി നൽകിയത് എന്ന് വരെ ചില മാദ്ധ്യമങ്ങൾ കഥകൾ ഇറക്കി. ഈ കുപ്രചരണങ്ങൾക്കെതിരെ ഇപ്പോൾ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.
വിവാഹദിനത്തിൽ ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിയുടെയും സമ്മാനമാണ്. ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള ഡിസൈനർമാർ ആണ് ഈ ആഭരണങ്ങൾ തയ്യാറാക്കിയത്. ഒരെണ്ണം ഭീമ ജ്വല്ലറിയിൽ നിന്നും ആയിരുന്നു വാങ്ങിയത് . ജിഎസ്ടിയും മറ്റെല്ലാ നികുതികളും കൃത്യമായി അടച്ചവയാണ് ഈ ആഭരണങ്ങൾ എല്ലാം തന്നെ. ഇതിനെക്കുറിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ദുരുദ്ദേശപരമായ രീതിയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത് എന്നും സുരേഷ് ഗോപി വ്യക്തമാക്കി.
ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സുരേഷ് ഗോപി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകർക്കരുത് എന്നാണ് സുരേഷ് ഗോപി ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെടുന്നത്. ഭാഗ്യയുടെ വിവാഹത്തിനായി ഓൺലൈൻ മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ മറ്റാരുടെയും സഹായം സ്വീകരിച്ചിട്ടില്ല. ‘ഈ എളിയ ആത്മാവ് ഉത്തരവാദിത്തങ്ങൾ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്’ എന്നും സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
Discussion about this post