കൊൽക്കത്ത: രാമനെ പുകഴ്ത്തുന്ന ബിജെപി സീതയെക്കുറിച്ച് ഒന്നും പറയുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത ബാനർജി. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ബദലായി കൊൽക്കത്തയിൽ സംഘടിപ്പിച്ച സർവ്വമത റാലിയിൽ ആയിരുന്നു മമതയുടെ ആരോപണം. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടാണിതിന് പിന്നിലെന്ന വിചിത്ര കണ്ടെത്തലും മമത നിരത്തി.
ബിജെപി രാമനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. പക്ഷെ സീതാദേവിയെക്കുറിച്ച് മിണ്ടുന്നില്ല. വനവാസകാലത്ത് രാമനൊപ്പം എപ്പോഴും സീത ഉണ്ടായിരുന്നു. ആ സീതയെക്കുറിച്ച് അവർ ഒന്നും പറയില്ല. കാരണം അവർ സ്ത്രീവിരുദ്ധരാണ്. ഞങ്ങൾ ദുർഗ്ഗയെ ആരാധിക്കുന്നവരാണെന്നും അതുകൊണ്ട് മതത്തെക്കുറിച്ച് പഠിപ്പിക്കാൻ ബിജെപി ശ്രമിക്കരുതെന്നും മമത കൂട്ടിച്ചേർത്തു.
രാമനെ ആരാധിക്കുന്നതിൽ എനിക്ക് ഒരു എതിർപ്പുമില്ല. പക്ഷെ ആളുകളുടെ ഭക്ഷണശീലത്തിൽ ഇടപെടുന്നതിനെ എതിർക്കുമെന്നും മമത പറഞ്ഞു. അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ച പ്രതിപക്ഷ പാർട്ടികളുടെ കൂട്ടത്തിലാണ് മമതയുടെ തൃണമൂലും. എന്നാൽ ജനവികാരം അയോദ്ധ്യയിലാണെന്ന തിരിച്ചറിവിൽ സർവ്വമത റാലിയുമായി രംഗത്തെത്തുകയായിരുന്നു.
ഹസ്ര മോറിൽ നിന്നും കൊൽക്കത്തയിലെ പാർക്ക് സർക്കസിൽ വരെയായിരുന്നു റാലി. മമത റാലിയുടെ മുൻനിരയിൽ തന്നെയുണ്ടായിരുന്നു. ബംഗാളിന് ഇന്ന് അഭിമാന ദിവസമാണെന്ന് ആയിരുന്നു റാലിയിൽ സംസാരിക്കവേ പാർട്ടി നേതാവ് അഭിഷേക് ബാനർജിയുടെ പ്രതികരണം. രാജ്യം മുഴുവൻ മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കുമ്പോൾ ബംഗാൾ റോഡിൽ സമാധാനത്തിനായി നിലകൊളളുകയാണെന്നും അഭിഷേക് പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ നിന്ന് വിട്ടുനിന്നതിലൂടെ പാർട്ടിയുടെ ജനപിന്തുണയിൽ ഇടിവുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് സർവ്വമത റാലിയുമായി രംഗത്തിറങ്ങാൻ മമതയെ പ്രേരിപ്പിച്ചത്.
Discussion about this post