മുംബൈ : അയോധ്യയിൽ രാമ ക്ഷേത്രം യാഥാർത്ഥ്യമാകുമ്പോൾ രാമജന്മഭൂമിക്കായി പോരാടിയ ബാൽ താക്കറെ അടക്കമുള്ള നേതാക്കളുടെ അസാന്നിദ്ധ്യം വേദനയുണ്ടാക്കുന്നതാണെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ്. രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ കാണാനായി ബാൽ താക്കറെ ജീവിച്ചിരിക്കണമായിരുന്നുവെന്ന് ഫഡ്നാവിസ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച ബാൽ താക്കറെയുടെ ജന്മദിനത്തിൽ ദേവേന്ദ്ര ഫഡ്‌നാവിസ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ബാൽ താക്കറെയുടെ ജന്മദിനത്തോടനുബന്ധിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ് സമൂഹമാദ്ധ്യമങ്ങളിലൂടെ ഒരു വീഡിയോ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. “ബാലാസാഹേബ് താക്കറെ ഒരു ശക്തനായ നേതാവ് മാത്രമല്ല, ഒരു മികച്ച കാർട്ടൂണിസ്റ്റ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ ആ കലയിലൂടെ പ്രതിധ്വനിച്ചു. ശിവസേനയുടെ സ്ഥാപകൻ ബാലാസാഹേബ് താക്കറെയ്ക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികൾ. അന്തരിച്ച ഹിന്ദു ഹൃദയ സാമ്രാട്ട് ബാലാസാഹേബ് താക്കറെ ആയിരുന്നു ഞങ്ങളുടെ പ്രചോദനം” എന്ന കുറിപ്പോടെ ആയിരുന്നു ഫഡ്‌നാവിസ് താക്കറെയുടെ വീഡിയോ പങ്കുവെച്ചത്.
ബിജെപി നേതാക്കളായ അടൽ ബിഹാരി വാജ്‌പേയി, എൽകെ അദ്വാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്കൊപ്പമുള്ള ബാൽ താക്കറെയുടെ ചിത്രങ്ങളാണ് ഫഡ്‌നാവിസ് പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്. “ഹിന്ദുത്വം എന്റെ ദേശീയതയാണ്. ദേശീയത കുറ്റമാണെങ്കിൽ ഞാനത് ആവർത്തിച്ച് ചെയ്യുക തന്നെ ചെയ്യും ” എന്ന ബാൽ താക്കറെയുടെ വാക്കുകളുടെ ക്ലിപ്പിംഗ് അടങ്ങിയ വീഡിയോ ആയിരുന്നു ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കുവെച്ചത്.
Discussion about this post