എറണാകുളം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വൻ പോലീസ് കാവലിലാണ് കോളേജ് ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കുന്നത്. ഇന്നലെ ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ കോളേജ് അധികൃതരുടെയും വിദ്യാർത്ഥി സംഘടനാ പ്രതിനിധികളുടെയും യോഗം ചേർന്നിരുന്നു. ഇതിലാണ് കോളേജ് തുറക്കാൻ തീരുമാനിച്ചത്.
ശക്തമായ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ കോളേജിൽ ഉണ്ടാകുക. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്. കുറച്ച് ദിവസത്തേക്ക് ക്യാമ്പസിൽ പോലീസ് കാവൽ ഉണ്ടാകും. കോളേജ് ഗേറ്റ് വൈകീട്ട് ആറ് മണിയ്ക്ക് അടയ്ക്കും. ലൈബ്രറി ഉപയോഗിക്കുന്നതിന് ഉൾപ്പെടെ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചത്. കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരും, എസ്എഫ്‌ഐ പ്രവർത്തകരും തമ്മിൽ ആയിരുന്നു സംഘർഷം. തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങളിൽ സംഘടനകൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇത് കഴിഞ്ഞ ബുധനാഴ്ച കത്തിക്കുത്തിലും കയ്യാങ്കളിയും കലാശിക്കുകയായിരുന്നു.
സംഘർഷത്തിൽ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയ്ക്ക് കുത്തേറ്റു. എസ്എഫ്‌ഐ പ്രവർത്തകർ ആശുപത്രിയിൽ എത്തി പരിക്കേറ്റ കെഎസ്‌യു, ഫ്രറ്റേണിറ്റി പ്രവർത്തകരെ മർദ്ദിക്കുന്ന സാഹചര്യവും ഉണ്ടായി. ഇതിന് പിന്നാലെ കോളേജ് അടയ്ക്കുകയായിരുന്നു.
Discussion about this post