മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ 6 സ്ത്രീകൾ മരണപ്പെട്ടു. ഗഡ്ചിരോളി-ചന്ദ്രാപൂർ ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ചമോർഷിയിലെ വൈൻഗംഗ നദിയിൽ ആണ് അപകടം ഉണ്ടായത്. കർഷക തൊഴിലാളികളായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന ബോട്ട് ആയിരുന്നു അപകടത്തിൽപ്പെട്ടത്.
ദുരന്തത്തിൽ കർഷക തൊഴിലാളികളായ ആറ് സ്ത്രീകൾ മരണപ്പെടുകയും ഒരാളെ രക്ഷപ്പെടുത്തുകയും ചെയ്തു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടമുണ്ടായത്. ഗഡ്ചിരോളിയിലെ ഗണപൂർ ഗ്രാമത്തിൽ നിന്നുള്ള ഏഴ് സ്ത്രീകൾ ചന്ദ്രാപൂർ ജില്ലയിലേക്ക് സഞ്ചരിക്കുന്ന വഴിയായിരുന്നു ബോട്ട് മറിഞ്ഞത്. ഈ പ്രദേശത്തെ മുളക് കൃഷിയിടത്തിൽ വിളവെടുപ്പിനായി പോകുന്നവർ ആയിരുന്നു ഈ തൊഴിലാളികൾ.
നദിയിൽ പെട്ടെന്ന് ശക്തമായ ഒഴുക്ക് ഉണ്ടായതാണ് ബോട്ട് മറിയാൻ കാരണമായത് എന്നാണ് പറയപ്പെടുന്നത്. ബോട്ട് തുഴഞ്ഞിരുന്നയാളാണ് ഒരു സ്ത്രീയെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചത്. വൈകാതെ തന്നെ പരിസരവാസികളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. നദിക്ക് നല്ല ആഴവും കനത്ത ഒഴുക്കും ഉണ്ടായിരുന്നതിനാൽ മുങ്ങിപ്പോയ സ്ത്രീകളുടെ മൃതദേഹം കണ്ടെത്തുക എന്നുള്ളത് ശ്രമകരമായിരുന്നതായി രക്ഷാപ്രവർത്തകർ വ്യക്തമാക്കി.
Discussion about this post