എറണാകുളം: ഇഡിയുടെ സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കിഫ്ബി സിഇഒ നൽകിയ ഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ചോദ്യം. പ്രാഥമിക അന്വേഷണത്തിന് വേണ്ടിയല്ലേ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുന്നത് എന്നും കോടതി ചോദിച്ചു. കേസ് അടുത്ത മാസം ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.
മസാല ബോണ്ട് കേസിൽ ആറാം തവണയും ഇഡി കിഫ്ബിയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കിഫ്ബി സിഇഒ ഹൈക്കോടതിയിൽ ഹർജിയിൽ നൽകിയത്. ആറാം തവണയാണ് കേസിൽ ഇഡിയുടെ നോട്ടീസ് ലഭിക്കുന്നത്. തുടർച്ചയായി നോട്ടീസ് അയച്ച് ഇഡി ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആവശ്യപ്പെട്ട രേഖകൾ നേരത്തെ നൽകിയതാണ്. എന്നിട്ടും ഇഡി നോട്ടീസ് നൽകുകയാണെന്നും കിഫ്ബി സിഇഒ ഹർജിയിൽ പറയുന്നു.
എന്നാൽ തങ്ങൾക്ക് ഇത് മാത്രമല്ല നൂറിലധികം കേസുകളാണ് അന്വേഷിക്കാനുള്ളതെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിനിടയിൽ കിഫ്ബി ഉദ്യോഗസ്ഥർ അന്വേഷണത്തോട് സഹകരിക്കാത്തത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കാതിരിക്കുന്നത് തെളിവ് ശേഖരിക്കുന്നതിൽ പ്രയാസം ഉണ്ടാക്കുന്നുണ്ട്. രേഖകളുടെ സർട്ടിഫൈഡ് കോപ്പിയാണ് ആവശ്യപ്പെട്ടത് എന്നും ഇഡി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ചോദ്യം.
കേസിൽ നേരത്തെ ഇഡി സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടി നൽകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ സമയം വേണമെന്ന് കിഫ് അറിയിച്ചു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് അടുത്ത മാസത്തേക്ക് മാറ്റിയത്.
Discussion about this post