ഇടുക്കി: ശാന്തൻപാറയിലെ ഓഫീസ് നിർമ്മാണത്തിന് കളക്ടർ എൻഒസി നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ സിപിഎം. ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി വർഗ്ഗീസാണ് ഇക്കാര്യം അറിയിച്ചത്. ഭൂമി കയ്യേറിയിട്ടില്ലെന്നും വർഗ്ഗീസ് പറഞ്ഞു.
അരനൂറ്റാണ്ടായി സിപിഎമ്മിന്റെ കൈവശമുള്ള ഓഫീസാണ്. ഇത് പുതിയ നിർമ്മിതിയാണെന്നത് രാഷ്ട്രീയ ആക്രമണം ആണ്. ഇത് വസ്തുതകൾ നിരത്തിക്കൊണ്ട് തങ്ങൾ ജനങ്ങളെ ബോധിപ്പിക്കും. മാത്യു കുഴൽനാടനൊപ്പം സിപിഎമ്മും ഭൂമി കയ്യേറിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് എൻഒസിയ്ക്ക് അപേക്ഷ നൽകിയത്. ഹൈക്കോടതി ഇടപെട്ട വിഷയം അല്ലെ. അതുകൊണ്ടു തന്നെ ഹൈക്കോടതി തീരുമാനിക്കട്ടെ. ജില്ലാ കളക്ടർ ജില്ലാ കളക്ടറുടെ പണിയുമായി പോകട്ടെ. ഇടുക്കിയിൽ നിരവധി ഓഫീസുകളാണ് തങ്ങൾക്കുള്ളത്. ഭൂമി കയ്യേറണ്ട ആവശ്യമൊന്നും പാർട്ടിയ്ക്കില്ലെന്നും വർഗ്ഗീസ് വ്യക്തമാക്കി.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഹൈക്കോടതി ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി സിപിഎം ഓഫീസിന്റെ നിർമ്മാണം തടഞ്ഞത്. ശാന്തൻപാറ ഗ്രാമത്തിൽ എൻഒസി വാങ്ങാതെ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് ചട്ടവിരുദ്ധമാണ്. ഇതേ തുടർന്ന് പഞ്ചായത്തും റെവന്യൂവകുപ്പും സ്റ്റോപ്പ് മെമോ നൽകി. എന്നാൽ ഇത് അവഗണിച്ച് വീണ്ടും നിർമ്മാണം തുടരുകയായിരുന്നു. ഇതോടെയാണ് ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടത്. എന്നാൽ ഇതും അവഗണിച്ച് രാത്രി പണി തുടർന്നു. ഇതേ തുടർന്ന് ഹൈക്കോടതി ഇവർക്കെതിരെ കേസ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ സിപിഎം നേതാവായ വി എൻ മോഹനൻ കക്ഷി ചേർന്നതോടെയാണ് കോടതി ഇവരോട് നിയമപരമായി എൻഒസിയ്ക്ക് അപേക്ഷ നൽകാൻ നിർദ്ദേശിച്ചത്. ഈ നിർദ്ദേശം അനുസരിച്ച് കളക്ടർക്ക് എൻഒസിയ്ക്കായി അപേക്ഷ നൽകി. എന്നാൽ എൻഒസി ഇല്ലാതെയാണ് 12 ചതുരശ്ര കിലോ മീറ്റർ ഭൂമിയ്ക്ക് പട്ടയം ഇല്ലെന്നും കണ്ടെത്തി. റോഡ് കയ്യേറ്റവും കണ്ടെത്തി. ഇതേ തുടർന്നായിരുന്നു ജില്ലാ കളക്ടർ എൻഒസി നിരസിച്ചത്.
Discussion about this post