തിരുവനന്തപുരം: ഗവർണറെ നിലയ്ക്ക് നിർത്താമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നത് എങ്കിൽ അത് വ്യാമോഹം ആണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. അദ്ദേഹത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വേണ്ടത്ര പരിചയമില്ലാഞ്ഞിട്ടാണ്. ഇത് തീക്കളിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാന മുഖ്യമന്ത്രിയും, സംസ്ഥാന പോലീസ് മേധാവിയും ഒന്നിച്ച് ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിക്കുമ്പോൾ കേരളത്തിലെ ജനങ്ങൾ മനസ്സിലാക്കണമെന്ന് ഗവർണർ കരുതി. അതിൽ ഗവർണറെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഭരണഘടനാപരമായിട്ടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പൂർണ പരാജയം ആണ്.
റോഡിൽ മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചുകൊണ്ട് ഇത്രയും കൂടുതൽ ആളുകൾ തടിച്ച്കൂടി നിൽക്കുന്നു. ഇതേക്കുറിച്ച് സംസ്ഥാന ഇന്റലിജൻസിന് ഉറപ്പായും വിവരം ലഭിച്ചിരിക്കും. അങ്ങനെയെങ്കിൽ പ്രവർത്തകരെ അവിടെ നിന്നും മാറ്റണം ആയിരുന്നു. അല്ലെങ്കിൽ ഗവർണറുടെ വാഹനവ്യൂഹം വഴിതിരിച്ച് വിടണം ആയിരുന്നു. അല്ലാതെ ഗവർണറെ ആക്രമിക്കാൻ ഗുണ്ടകളെ അനുവദിക്കുകയല്ല വേണ്ടിയിരുന്നത്.
എസ്എഫ്‌ഐ ഗുണ്ടകളെ വിട്ട് ഗവർണറെ അപായപ്പെടുത്തുകയായിരുന്നു സർക്കാരിന്റെ ശ്രമം. പിണറായിയുടെ ഗുണ്ടകളാണ് വഴി തടഞ്ഞത്. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാൻ സാദ്ധ്യതയുണ്ട് എങ്കിൽ ഗവർണറെ മുൻകൂട്ടി അറിയിക്കണം. അല്ലെങ്കിൽ സുരക്ഷ ഉറപ്പുവരുത്താൻ കഴിയില്ലെന്ന് പറയണം. അല്ലെങ്കിൽ താൻ പറഞ്ഞത് സമ്മതിക്കേണ്ടിവരും. സംസ്ഥാനത്തിന്റെ ക്രമസമാധാനം തകർന്നോയെന്ന് സർക്കാർ പറയട്ടെ എന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Discussion about this post