എറണാകുളം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രാജ്യത്തെയും അവഹേളിച്ചുകൊണ്ട് ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ വിശദീകരണവുമായി ഹൈക്കോടതി. നാടകം അവതരിപ്പിച്ചവർ ചട്ടങ്ങൾ ലംഘിച്ചതായി കോടതി വ്യക്തമാക്കി. നാടകത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ഹൈക്കോടതി രംഗത്ത് എത്തിയത്.
ദേശീയ ഐക്യത്തിന്റെ സന്ദേശം നൽകുന്നതായിരിക്കണം നാടകത്തിന്റെ ഉള്ളടക്കമെന്ന് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇത് പാലിക്കപ്പെട്ടില്ലെന്ന് നാടകം അവതരിപ്പിച്ചപ്പോൾ വ്യക്തമായി. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും ഹൈക്കോടതി അറിയിച്ചു.
റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ ഭാഗമായി അവതരിപ്പിച്ച വൺ നേഷൻ വൺ വിഷൻ വൺ ഇന്ത്യ നാടകത്തിനെതിരെയാണ് പ്രതിഷേധം ഉയർന്നത്. ഇതിൽ പ്രധാനമന്ത്രിയുടെ വാക്കുകളെയും പ്രയോഗ രീതിയെയും അവഹേളിക്കുന്നുണ്ട്. ഇതിന് പുറമേ കേന്ദ്രപദ്ധതികളെ അധിക്ഷേപിക്കുന്ന രംഗങ്ങളും നാടകത്തിൽ ഉണ്ട്. ഇതോടെ പ്രതിഷേധം ഉയരുകയായിരുന്നു.
സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര നിയമ മന്ത്രി എന്നിവർക്ക് പരാതിയും നൽകിയിട്ടുണ്ട്. ലീഗൽ സെല്ലും, ഭാരതീയ അഭിഭാഷക പരിഷതുമാണ് പരാതി നൽകിയത്. ഇതിന് പിന്നാലെ രണ്ട് ജീവനക്കാരെ കോടതി സസ്‌പെൻഡ് ചെയ്തിരുന്നു. ഹൈക്കോടതി അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
Discussion about this post