ന്യൂഡൽഹി: ജനുവരി 22 ന് അയോദ്ധ്യയിൽ നടന്ന ശ്രീരാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠയിൽ പങ്കെടുത്തതിന് തനിക്കെതിരെ ഫത്വ പുറപ്പെടുവിച്ചതായി ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം ഉമർ അഹമ്മദ് ഇല്യാസിയുടെ വെളിപ്പെടുത്തൽ. പരിപാടി നടന്ന ദിവസം മുതൽ തനിക്ക് ഒരു വിഭാഗം ആളുകളിൽ നിന്ന് അധിക്ഷേപവും ‘ഫോൺ കോളുകളിൽ ഭീഷണിയും’ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതൊരു മുസ്ലീം രാജ്യമല്ല, ഇത് സനാതൻ ഭാരതമാണ്. ഇതിനെ വെല്ലുവിളിക്കാൻ മറ്റൊരു ഫത്വ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നെ സ്‌നേഹിക്കുന്നവർ, രാജ്യത്തെ സ്‌നേഹിക്കുന്നവർ – എന്നെ പിന്തുണയ്ക്കും, ചടങ്ങിൽ പങ്കെടുത്തതിന് എന്നെ വെറുക്കുന്നവർ പാകിസ്താനിലേക്ക് പോകണം.’തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഒരു കൂട്ടം ആളുകൾ തനിക്കെതിരെ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ട്രസ്റ്റിന്റെ ക്ഷണം ലഭിച്ചതിന് ശേഷം രണ്ട് ദിവസം ആലോചിച്ച ശേഷം അയോദ്ധ്യയിലേക്ക് പോകാൻ തീരുമാനിച്ചതായി ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനമാണിതെന്നും ഐക്യത്തിനും രാജ്യത്തിനും വേണ്ടിയാണ് താൻ പോയതെന്നും പുരോഹിതൻ കൂട്ടിച്ചേർത്തു. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷന്റെ ചീഫ് ഇമാം എന്ന നിലയിൽ എന്നെ ക്ഷണിച്ചു, എന്നെ അവിടെ ഹൃദ്യമായി സ്വാഗതം ചെയ്തു. ഞങ്ങളുടെ വിശ്വാസങ്ങൾ വ്യത്യസ്തമാകാം, എന്നാൽ ഞങ്ങളുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ചീഫ് ഇമാമിനെതിരെ ഫത്വ പുറപ്പെടുവിക്കുന്നത്. തനിക്കെതിരായ ഭീഷണിക്കെതിരെ ഇമാം ഉമർ അഹമ്മദ് ഇല്യാസി ഡൽഹി പോലീസ് കമ്മീഷണർ, ആഭ്യന്തര സെക്രട്ടറി, ആഭ്യന്തര മന്ത്രി എന്നിവർക്ക് പരാതി നൽകി.
Discussion about this post