കാലിഫോർണിയ: ഏറെ കാത്തിരിപ്പിന് ശേഷം ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിയുടെ ചിപ്പ് നമനുഷ്യന്റെ തലച്ചോറിൽ ഘടിപ്പിച്ചു. മസ്‌ക് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. തൻറെ, ബ്രെയിൻ-ചിപ്പ് സ്റ്റാർട്ടപ്പിൽ നിന്ന് ആദ്യമായി അത് സ്ഥാപിക്കപ്പെട്ടയാൾ സുഖം പ്രാപിച്ചുവരുന്നതായാണ് ഇലോൺ മസ്‌ക് തൻറെ എക്സ് പേജിലൂടെ പ്രഖ്യാപിച്ചത്. ആദ്യ ന്യൂറാലിങ്ക് ഉത്പന്നത്തിന് ടെലിപ്പതി എന്ന് പേരിട്ടതായും മസ്‌ക് അറിയിച്ചു. മനുഷ്യന്റെ തലച്ചോറിനെ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്.
റോബോട്ട് വഴിയാണ് തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന സർജറി ചെയ്തത്. ചിന്തകളെ നിയന്ത്രിക്കുന്ന ഭാഗത്തായാണ് തലമുടിനാരിനെക്കാൾ നേർത്ത ചിപ്പ് ഘടിപ്പിച്ചിരിക്കുന്നത്. 64 നൂലിഴകൾ ചേർത്താണ് ചിപ്പ് നിർമിച്ചിരിക്കുന്നതെന്ന് ന്യൂറാലിങ്ക് വ്യക്തമാക്കുന്നു. ചിപ്പ് ഘടിപ്പിച്ചയാൾ എന്താണ് ചെയ്യാൻ പോകുന്നതെന്ന് തിരിച്ചറിഞ്ഞ ശേഷം തലച്ചോറിൽ നിന്നുള്ള അത്തരം സിഗ്‌നലുകളെ ആപ്പിലേക്ക് കൈമാറുകയാണ് ചിപ്പ് ചെയ്യുന്നത്. ഒന്ന് ചിന്തിക്കുമ്പോൾ തന്നെ ഫോണിനെയും, കമ്പ്യൂട്ടറിനെയും എന്നുവേണ്ട ചിപ്പുമായി ഘടിപ്പിച്ചിട്ടുള്ള എന്തുപകരണത്തെയും നിയന്ത്രിക്കാമെന്ന് മസ്‌ക് അവകാശപ്പെടുന്നു.
വയർലെസ് ബ്രെയിൻ-കമ്പ്യൂട്ടർ ഇന്റർഫേസ് (ബിസിഐ) അധിഷ്ഠിതമാക്കിയാണ് ടെലിപ്പതി ഉപകരണം പ്രവർത്തിക്കുക. രോഗികളുടെ തലച്ചോറിൽ ശരീര ചലനം നിയന്ത്രിക്കുന്ന ഭാഗത്തായിരിക്കും ചിപ്പ് ഘടിപ്പിക്കുക. പ്രത്യേക റോബോട്ടിൻറെ സഹായത്തോടെ ഘടിപ്പിക്കുന്ന ചിപ്പിൽനിന്ന് പ്രത്യേകം തയ്യാറാക്കിയ ആപ്ലിക്കേഷനിലേക്ക് സിഗ്നൽ ലഭിക്കും. പക്ഷാഘാതമുള്ള ആളുകൾക്ക് ചിന്തകളിലൂടെ കംപ്യൂട്ടർ കർസറോ, കീബോർഡോ നിയന്ത്രിക്കാനുള്ള ശേഷി നൽകാനാണ് ആദ്യ ഘട്ടത്തിൽ കമ്പനി ശ്രമിക്കുന്നത്
കഴിഞ്ഞ വർഷമാണ് ന്യൂറാലിങ്കിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ക്ലിയറൻസ് ലഭിച്ചത്. ഇൻഡിപെൻഡൻറ് ഇൻസ്റ്റിറ്റ്യൂട്ട് റിവ്യൂ ബോർഡിൽ നിന്നുള്ള അനുമതിയും ലഭിച്ചതായി ന്യൂറാലിങ്കിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post