എന്നും എപ്പോഴും ഭൂമിയ്ക്ക് പുറത്ത് എന്ത് സംഭവിക്കുന്നു എന്നറിയാൻ മനുഷ്യന് കൗതുകമാണ്. അത് കൊണ്ട് തന്നെ ആകാശരഹസ്യങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള മനുഷ്യകുലത്തിന്റെ പര്യവേഷണങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഓരോ പര്യവേഷണവും അമ്പരപ്പിക്കുന്ന കണ്ടെത്തലുകളിൽ ചെന്നാണ് നിൽക്കുന്നത്. വീണ്ടും ആ കണ്ടെത്തലുകൾ അപഗ്രഥിച്ച് മുന്നോട്ടു നീങ്ങുന്നതാണ് മനുഷ്യന്റെ രീതി.
ഭൂമിയെ പോലെ ജീവൻതുടിക്കുന്ന മറ്റേതെങ്കിലും ഗ്രഹമുണ്ടോ? നമ്മൾ തിരയുന്നത് പോലെ മറ്റേതെങ്കിലും കൂട്ടർ ഇങ്ങനെ പേടകങ്ങളുമായി ഉലകം ചുറ്റുന്നുണ്ടോ എന്നെല്ലാം മനുഷ്യൻ ചിന്തിച്ചു തുടങ്ങിയിട്ട് കാലങ്ങളായി. ജീവൻ ഉണ്ടാവാൻ സാധ്യതയുള്ള അന്യ ഗ്രഹങ്ങളുടെ പട്ടികയും ജലം ഉണ്ടാവാൻ സാധ്യതയുള്ളവയുടെ വിവരങ്ങളും നമുക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ ദശലക്ഷക്കണക്കിന് വർഷങ്ങളായി ഭൂമിയെയും അതടങ്ങുന്ന സൗരയൂഥത്തെയും വീക്ഷിക്കാൻ സാധ്യതയുള്ള കൂട്ടരെ കുറിച്ച് പറയുകയാണ് ശാസ്ത്രജ്ഞർ. സൂര്യനിൽ നിന്ന് 100 പാർസെക് പരിധിയിലുള്ള 1,715 നക്ഷത്രങ്ങൾ ഭൂമിയിലെ ജീവന്റെ സാന്നിദ്ധ്യം നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ അനുയോജ്യമായ സ്ഥാനത്താണത്രെ സ്ഥിതി ചെയ്യുന്നത്. നക്ഷത്രങ്ങളിലേക്കും ഗാലക്‌സികളിലേക്കും മറ്റുമുള്ള ദൂരം സൂചിപ്പിക്കുന്ന അളവാണ് പാർസെക്. 3.26 പ്രകാശവർഷത്തെയാണ് ഒരു പാർസെക് എന്ന് പറയുന്നത്.
അതായത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള നമ്മുടെ ഭൂമിയുടെ ഭൂതകാലമാണ് ഇപ്പോൾ ആരെങ്കിലും പ്രകാശവർഷങ്ങൾ അകലെയിരുന്ന് കണ്ടുകൊണ്ടിരിക്കുന്നത്. റോഡിയോ തരംഗങ്ങളിലൂടെ നമ്മൾ പുറത്ത് വിടുന്ന വിവരങ്ങൾ ഡീകോഡ് ചെയ്യാനും ആ അന്യഗ്രഹജീവികൾ ശ്രമിക്കുന്നുണ്ടായിരിക്കാം.
ഏകദേശം 5,000 വർഷങ്ങൾക്ക് മുമ്പുള്ള ഭൂമിയിലെ അവസ്ഥ വരെ കാണാൻ കഴിയുന്ന നക്ഷത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. കൂടാതെ, മനുഷ്യനിർമ്മിതമായ റേഡിയോ തരംഗങ്ങൾ ഇതിൽ 75 എണ്ണത്തിൽ എത്തിയിട്ടുണ്ടെന്നും ഗവേഷകർ പറയുന്നു. ഈ നക്ഷത്രങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയ്യുന്ന ഗ്രഹങ്ങളിൽ നിന്നും ഭൂമിയെ നിരീക്ഷിക്കാൻ സാധിക്കും.
Discussion about this post