ന്യൂഡൽഹി: പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്തതോടെയാണ് സമ്മേളനം ആരംഭിച്ചത്. ഈ വർഷം അവസാനം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാർലമെന്റ് സമ്മേളനമാണ് ബജറ്റ് സമ്മേളനം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി, കഴിഞ്ഞ സമ്മേളനത്തിൽ മോശം പെരുമാറ്റത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരോട് ആത്മപരിശോധന നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷ ശബ്ദം ക്രിയാത്മക നിർദേശങ്ങൾക്കായി ഉയരണം. അമാന്യമായ പെരുമാറ്റം അനുവദിക്കാനാവില്ല. കഴിഞ്ഞ സമ്മേളനത്തിലെ അനിഷ്ട സംഭവങ്ങൾ എല്ലാവരും കണ്ടതാണെന്നും മോദി പറഞ്ഞു.
2024-25 സാമ്പത്തിക വർഷത്തെ ഇടക്കാല പൊതു ബജറ്റ് നാളെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കും. നാളെ രാവിലെ 11നാണ് ബജറ്റ് അവതരണം ആരംഭിക്കുക. ഡിജിറ്റലായാണ് ഇത്തവണത്തെ ബജറ്റവതരണം.
എംപിമാർക്കും മാദ്ധ്യമ പ്രവർത്തകർക്കും പൊതുജനങ്ങൾക്കും ഇന്റർനെറ്റിലാകും ബജറ്റ് രേഖകൾ നൽകുക. പുതിയ സർക്കാർ അധികാരമേറ്റ ശേഷമാണ് സമ്പൂർണ ബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 9-ന് ബജറ്റ് സെഷൻ അവസാനിക്കും.
Discussion about this post