ലക്‌നൗ: ജ്ഞാൻവാപി മന്ദിരത്തിൽ രണ്ടാം ദിവസവും പൂജകൾ ഭംഗിയായി പൂർത്തിയാക്കി ഹിന്ദു വിശ്വാസികൾ. പുലർച്ചെ മൂന്നരയ്ക്ക് നടന്ന ആരതി പൂജയിൽ നിരവധി വിശ്വാസികളാണ് പങ്കുകൊണ്ടത്. പൂജകൾക്ക് ശേഷം മന്ദിരത്തിന് മുൻപിൽ ഒത്തുകൂടിയ വിശ്വാസികൾ ഭജന പാടുകയും ചെയ്തു.
100 ഓളം വിശ്വാസികളാണ് ജ്ഞാൻവാപിയിൽ നടന്ന പൂജകളിൽ പങ്കെടുത്തത്. പൂജകൾക്ക് ശേഷം പ്രസാദ വിതരണം ഉൾപ്പെടെ നടന്നു. ഇതിന് ശേഷമാണ് വിശ്വാസികൾ ഒത്തുകൂടി ഭജന പാടിയത്. പൂജ ആരംഭിച്ച ആദ്യ ദിനമായ ഇന്നലെ കുറച്ച് വിശ്വാസികൾ ആണ് മന്ദിരത്തിൽ എത്തിയത്. എന്നാൽ ഇന്ന് എണ്ണം വർദ്ധിച്ചു. വരും ദിവസങ്ങളിൽ മന്ദിരത്തിലെ പൂജകളിൽ പങ്കെടുക്കാൻ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്തർക്ക് സുരക്ഷയൊരുക്കി ജ്ഞാൻവാപി കോംപ്ലക്‌സിൽ പോലീസുകാരും നിലയുറപ്പിച്ചിട്ടുണ്ട്.
ജ്ഞാൻവാപിയുടെ താഴ്ഭാഗത്ത് സീൽ ചെയ്തിട്ടുള്ള നിലവറകൾക്ക് മുൻപിൽ ആരാധന നടത്താനാണ് കോടതിയുടെ അനുമതിയുള്ളത്. നിലവിൽ ഇവിടെ ദിവസത്തിൽ അഞ്ച് തവണയാണ് പൂജ. പുലർച്ചെ 3.30 ന് മംഗള ആരതിയോടെയാണ് പൂജകൾക്ക് തുടക്കമാകുന്നത്. ഇതിന് ശേഷം ഉച്ചയ്ക്ക് 12 മണിയ്ക്ക് ഭോഗ് ആരതി, നാല് മണിയ്ക്ക് അർപ്പണ ആരതി, ഏഴ് മണിയ്ക്ക് സന്യകാൽ ആരതി എന്നിവ ഉണ്ടാകും. രാത്രി 10.30 ന് ശയന ആരതിയോടെ പൂജകൾ അവസാനിക്കും. നീണ്ട 31 വർഷത്തിന് ശേഷമാണ് ജ്ഞാൻവാപിയിൽ ഹിന്ദുക്കൾ പൂജകൾ നടത്തുന്നത്.
Discussion about this post