ന്യൂഡൽഹി: സാമ്പത്തിക സഹായം ഇന്ത്യ വെട്ടിക്കുറച്ചതിന് പിന്നാലെ മാലിദ്വീപിന് പിന്തുണ വഗ്ദാനം നൽകി പാകിസ്താൻ. വികസനവുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടാകുമെന്ന് പാകിസ്താൻ കാവൽ പ്രധാനമന്ത്രി അൻവാർ ഉൾ ഹഖ് കക്കാർ ഉറപ്പ് നൽകി. മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെ ഫോണിൽ വിളിച്ചാണ് അൻവാർ ഇക്കാര്യം അറിയിച്ചത്.
മുയിസ്സുവിന്റെ ഓഫീസ് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന് പാകിസ്താൻ സർക്കാർ എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്. മാലിദ്വീപിന്റെ വികസനത്തിന് സാമ്പത്തിക സഹായം ഉൾപ്പെടെ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പാകിസ്താൻ അറിയിച്ചിട്ടുണ്ടെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള കാര്യങ്ങൾ ചർച്ച ചെയ്തതായും റിപ്പോർട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടക്കാല ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ആണ് മാലിദ്വീപിനുള്ള സഹായം വെട്ടിക്കുറച്ചതായി വ്യക്തമാക്കിയത്. മാലിദ്വീപിനുള്ള സാമ്പത്തിക സഹായത്തിൽ 22 ശതമാനമാണ് വെട്ടിക്കുറച്ചത്. നിലവിൽ മാലിദ്വീപിന്റെ വികസനത്തിനായി ഇന്ത്യ 600 കോടി രൂപയാണ് നൽകിവരുന്നത്.
അതേസമയം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന പാകിസ്താൻ സഹായം വാഗ്ദാനം ചെയ്ത് വന്നതുകണ്ട് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പരിഹാസം ഉയരുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവിൽ പാകിസ്താനിൽ ഉള്ളത്. അവശ്യസാധനങ്ങളുടെ വിലവർദ്ധനവിൽ ജനങ്ങൾ പ്രതിസന്ധിയിലാണ്. വികസന പ്രവർത്തനങ്ങൾക്കും പണമില്ല. ഇതിനിടെയാണ് മാലിദ്വീപിന് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താൻ രംഗത്ത് എത്തിയിരിക്കുന്നത്.
Discussion about this post