കൊച്ചി: അനാഥയായ 85 കാരിയുടെ സ്വന്തമായി വീടെന്ന സ്വപ്‌നം പൂർത്തീകരിക്കാൻ അസാധാരണ നടപടിയുമായി ഹൈക്കോടതി. നെൽവയൽനീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള ഭൂമിയിൽ 10 സെന്റ് നികത്തി വീടു വയ്ക്കാൻ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ അനുമതി നൽകി.
വയോധികരുടെ സംരക്ഷണം എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് വിധി പ്രസ്താവിക്കുനന്തിനിടെ ഹൈക്കോടതി ചൂണ്ടിക്കാട്ടി. മുതിർന്നവർ നമുക്കു മുമ്പേ നടന്നവരാണെന്നും അവർ നൽകിയതാണ് നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്നതെന്നും കോടതി വ്യക്തമാക്കി. കോടതിയിൽ അഭയം തേടിയെത്തിയ ഹർജിക്കാരിയുടെ ആവശ്യത്തോടു മുഖംതിരിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.
ഭൂമി നികത്തുന്നത് മേഖലയിലെ നെൽകൃഷിക്കും പരിസ്ഥിതിക്കും ദോഷകരമാകുമെന്നായിരുന്നു റവന്യു വകുപ്പിന്റെ വാദം. എന്നാൽ ഇത് അസാധാരണ കേസായി കണ്ട് നടപടിയെടുക്കണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു.
ഭർത്താവും ഏക മകനും മരിച്ചതിനാൽ അനാഥമന്ദിരത്തിലാണ് വയോധിക കഴിയുന്നത്. കൊച്ചി ദ്വീപ് മേഖലയിൽ ഇവർക്കു സ്വന്തമായി 81 സെന്റ് വയലുണ്ട്. എന്നാൽ ഈ വസ്തു നെൽവയൽ- നീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്നതായതിനാൽ റവന്യൂ അധികൃതർ ഭൂമി തരംമാറ്റം അനുവദിച്ചിരുന്നില്ല. ഇവർക്ക് ചെറിയ വീടു നിർമിച്ചു നൽകാൻ ചിലർ സന്നദ്ധരായെങ്കിലും നിയമം തടസമായി. ഇതേത്തുടർന്നാണ് വയോധിക കോടതിയെ സമീപിച്ചത്. പരിസ്ഥിതി പ്രശ്നമുണ്ടാകാത്ത വിധത്തിൽ കുറഞ്ഞത് 10 സെന്റ് ഹർജിക്കാരിയുടെ ഭൂമിയിൽ നിന്ന് നിർണയിക്കണമെന്നും കോടതി പറഞ്ഞു. ഉത്തരവിനു മുൻകാല പ്രാബല്യമില്ലെന്നും സമീപ മേഖലകളിലെ നെൽവയൽ ഉടമകൾക്ക് ഇതു ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.
Discussion about this post