വയനാട്: വനത്തിലേക്ക് തുറന്നുവിടാൻ മണിക്കൂറുകൾ ശേഷിയ്‌ക്കേ ചരിഞ്ഞ തണ്ണീർ കൊമ്പന്റെ മരണത്തിൽ ഞെട്ടൽമാറാതെ ആനപ്രേമികൾ. ആരോഗ്യവാനാണെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ച ആന പെട്ടെന്ന് ചരിഞ്ഞത് എങ്ങനെയാണെന്നാണ് ഇവർ ഉയർത്തുന്ന ചോദ്യം. അതേസമയം ആനയുടെ മരണത്തിന്റെ യഥാർത്ഥ കാരണം ഉച്ചയോടെ അറിയാൻ കഴിയുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
സാധാരണയായി കാട്ടാനകൾ നാട്ടിലിറങ്ങിയാൽ വലിയ ആക്രമണങ്ങളാണ് നടത്തുക. എന്നാൽ ഇന്നലെ മാനന്തവാടിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ തണ്ണീർ കൊമ്പൻ ശാന്തനായിരുന്നു. ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടർന്നാകാം ആന പ്രകോപനം ഉണ്ടാക്കാതെയിരുന്നത് എന്നാണ് വിലയിരുത്തൽ. ഇതിനിടെ മയക്കുവെടിയേറ്റത് ആനയുടെ ആരോഗ്യനില മോശമാക്കി.
മാനന്തവാടിയിലെത്തിയ ആന ഇന്നലെ പുഴയിൽ ഇറങ്ങി വെള്ളം കുടിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ആന ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല. 15 മണിക്കൂറോളം ഈ നിലയിൽ ആന തുടർന്നു. ഇതിനിടെയാണ് രാത്രി മയക്കുവെടിയേറ്റത്. 15 മണിക്കൂറുകളോളം വെള്ളം കുടിയ്ക്കാതിരുന്ന ആനയ്ക്ക് നിർജ്ജലീകരണം ഉണ്ടായേക്കാം. മയക്കുവെടി കാണ്ടാൽ കൂടുതൽ നിർജലീകരണം സംഭവിക്കാനുള്ള സാദ്ധ്യതയുണ്ട്. നിർജ്ജലീകരണം ഉണ്ടായാൽ ഇലക്ട്രൊലൈറ്റ് അളവ് കുറയും. ഇത് ഹൃദയാഘാതം ഉണ്ടാക്കും. പിടികൂടാനുള്ള ശ്രമത്തിനിടെ ആന തുടർച്ചയായി മണ്ണുവാരിയെറിഞ്ഞിരുന്നു. ഇത് ആരോഗ്യപ്രശ്‌നം ഉണ്ടെന്ന സൂചനയാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു.
രാമപുര ക്യാമ്പിൽ എലിഫൻറ് ആംബുലൻസ് നിർത്തിയപ്പോൾ തന്നെ തണ്ണീർ കൊമ്പൻ കുഴഞ്ഞ് വീണുവെന്നാണ് വനംവകുപ്പ് അധികതർ പറയുന്നത്. പിന്നീട് പിന്നീട് ആന എഴുന്നേറ്റില്ല. പരിശോധിച്ചപ്പോൾ ആന ചരിഞ്ഞതായി വ്യക്തമായി എന്നും അധികൃതർ വ്യക്തമാക്കുന്നു. ആനയുടെ ജഡം ഉച്ചയോടെ പോസ്റ്റ്‌മോർട്ടം നടത്തും.
Discussion about this post