വയനാട് : കഴിഞ്ഞദിവസം വയനാട് മാനന്തവാടിയിൽ നിന്നും മയക്ക് വെടിവെച്ച് പിടികൂടി കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിലേക്ക് കൊണ്ടുപോയ ആന തണ്ണീർ കൊമ്പന്റെ അപ്രതീക്ഷിതമായ വിയോഗവാർത്ത ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിൽ വച്ച് ഇന്ന് പുലർച്ചെയാണ് വാഹനത്തിൽ നിന്നും പുറത്തിറക്കിയ സമയം ആന ചരിഞ്ഞത്. നിലവിൽ തണ്ണീർ കൊമ്പന്റെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി വനം വകുപ്പ് അധികൃതർ അറിയിച്ചു.
കർണാടക വനം വകുപ്പിലെയും കേരള വനം വകുപ്പിലെയും ഉദ്യോഗസ്ഥർ സംയുക്തമായാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. താങ്ങാനാവാത്ത സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആനയുടെ തുടയ്ക്ക് സമീപമായി ഒരു വലിയ മുഴയുണ്ടായിരുന്നത് പഴുത്ത നിലയിൽ ആയിരുന്നു. ആനയുടെ ലിംഗത്തിൽ അടക്കം മുറിവുകളും ഉണ്ടായിരുന്നു. ഞരമ്പിൽ അമിതമായ രീതിയിൽ കൊഴുപ്പ് അടിഞ്ഞിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ശനിയാഴ്ച രാവിലെ തുടങ്ങിയ പോസ്റ്റ്മോർട്ടം നടപടികൾ വൈകിട്ട് 3:00 മണിയോടെയായിരുന്നു പൂർത്തിയായത്. തണ്ണീർ കൊമ്പന്റെ ശ്വാസകോശത്തിൽ ടിവി ഉണ്ടായിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പങ്കെടുത്ത ഡോ. അജേഷ് മോഹൻദാസ് വ്യക്തമാക്കി. തുടയിൽ നിന്നും ഒരു ലിറ്ററോളം പഴുപ്പ് പുറത്തെടുത്തതായും അദ്ദേഹം അറിയിച്ചു. തണ്ണീർ കൊമ്പന്റെ തുടയിൽ ഉണ്ടായിരുന്ന മുറിവ് ഏതാണ്ട് ഒരു മാസത്തോളം പഴക്കമുള്ളതായിരുന്നു എന്നും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മാനന്തവാടിക്ക് സമീപത്ത് ജനവാസ മേഖലയിൽ റേഡിയോ കോളർ ധരിച്ച നിലയിലുള്ള ആനയെ കണ്ടെത്തിയത്. പകൽ മുഴുവൻ ആന ഈ മേഖലയിൽ തന്നെ ചുറ്റിത്തിരിഞ്ഞു. ജനവാസ മേഖലയിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നതെങ്കിലും യാതൊരുവിധ പ്രശ്നങ്ങൾ സൃഷ്ടിക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ ഉച്ചയോടെ ആയിരുന്നു ആനയെ മയക്കു വെടിവെച്ച് പിടികൂടാൻ കേരള സർക്കാർ ഉത്തരവിട്ടത്. തുടർന്ന് രാത്രി പത്തരയോടെ മയക്കു വെടിവെച്ച് പിടികൂടിയ ആനയെ എലിഫന്റ് ആംബുലൻസിൽ കയറ്റി ബന്ദിപ്പൂർ വനമേഖലയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Discussion about this post