തിരുവനന്തപുരം/ ന്യൂഡൽഹി: എസ്എൻഡിപി ഉപാദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ദിവസം ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആയിരുന്നു പ്രധാനമന്ത്രി എത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 22 നായിരുന്നു തുഷാർ വെള്ളാപ്പള്ളിയുടെ മകൾ ദേവികയുടെ വിവാഹം.
വിവാഹ വിരുന്നിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ തുഷാർ വെള്ളാപ്പള്ളി ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ഒട്ടേറെ സന്തോഷം നിറഞ്ഞ സുദിനം ആയിരുന്നു കടന്നുപോയതെന്ന് ചിത്രങ്ങൾക്കൊപ്പം അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മകൾ ദേവികയുടെയും ഡോ.അനൂപിന്റെയും വിവാഹത്തിനു ശേഷം ഡൽഹിയിൽ നടത്തിയ സ്‌നേഹവിരുന്നിൽ, ഒട്ടേറെ തിരക്കുകൾ നിറഞ്ഞ സമയമായിട്ടും നേരിട്ട് പങ്കെടുത്ത് കുട്ടികളെ അനുഗ്രഹിക്കുകയും ദീർഘനേരം തങ്ങളോടൊപ്പം ചിലവഴിക്കുകയും ചെയ്ത മോദിയ്ക്കും മറ്റ് വിശിഷ്ട വ്യക്തിത്വങ്ങൾക്കും സ്‌നേഹവും നന്ദിയും അറിയിക്കുന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലം മുഖത്തല കണ്ണൻസിൽ ഭരതൻ സുരേഷ് ബാബുവിന്റെയും കെ.എസ് ഗീതയുടെയും മകൻ ഡോ. അനൂപ് ആണ് ദേവികയുടെ വരൻ. കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് സഹായത് ഹോട്ടലിൽ ആയിരുന്നു ഇവരുടെ വിവാഹം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു.
Discussion about this post