ന്യൂഡൽഹി: ചൈനയുടെ ചാരക്കപ്പൽ മാലിദ്വീപ് തീരത്തേക്ക് അടുക്കുന്നതിനിടെ നിർണായക നീക്കവുമായി ഭാരതം. നാവിക സേന അയച്ച അന്തർവാഹിനി ശ്രീലങ്കയിൽ എത്തി. ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് അന്തർവാഹിനി അയച്ചതെന്നാണ് നാവിക സേന വ്യക്തമാക്കുന്നത്.
ഐഎൻഎസ് കരഞ്ചാണ് നാവിക സേന ശ്രീലങ്കയിലേക്ക് അയച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെ അന്തർവാഹിനി കൊളംബോ തീരത്ത് എത്തി. ശ്രീലങ്കൻ നാവിക സേന ഐഎൻഎസ് കരഞ്ചിനെ ഔദ്യോഗിക ബഹുമതികൾ നൽകി സ്വീകരിച്ചു. അടുത്ത ദിവസം ഐഎൻഎസ് കരഞ്ച് ഇന്ത്യയിലേക്ക് തിരികെ മടങ്ങും. ഇതിന് മുൻപായി ശ്രീലങ്കൻ നാവിക സേന സംഘടിപ്പിക്കുന്ന സബ്മറൈൻ അവയർനെസ് പ്രോഗ്രാമിലും പങ്കെടുക്കും.
67.5 മീറ്റർ നീളമുള്ള അന്തർവാഹിനിയാണ് ഐഎൻഎസ് കരഞ്ച്. 53 ഉദ്യോഗസ്ഥരെ അന്തർവാഹിനിയ്ക്ക് വഹിക്കാനുള്ള ശേഷിയുണ്ട്. മാലിദ്വീപിലേക്ക് ചൈന ചാര കപ്പൽ അയച്ച സാഹചര്യത്തിൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലേക്ക് അന്തർവാഹിനി അയച്ചത്.
നയതന്ത്ര പ്രശ്‌നങ്ങളെ തുടർന്ന് സൈന്യത്തെ പിൻവലിക്കാൻ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മയിസു ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരമായിട്ടാണ് ചൈന കപ്പൽ അയച്ചിരിക്കുന്നത്. ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾക്കിടെ മുഹമ്മദ് മുയിസു ചൈന സന്ദർശിച്ചിരുന്നു. ഇതിലായിരുന്നു കപ്പൽ അയക്കാൻ ധാരണയായത്. ഇതുവഴി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർദ്ധിപ്പിക്കാമെന്നാണ് ചൈനയുടെ ശ്രമം. എന്നാൽ ഇത് മുന്നിൽ കണ്ട് ഇന്ത്യയും പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്.
Discussion about this post