വാരണാസി: ജ്ഞാൻവാപി സമുച്ചയത്തിലെ സീൽ ചെയ്ത വുസുഖാനയും ചുറ്റുമുള്ള പ്രദേശങ്ങളും ശാസ്ത്രീയമായി സർവേ നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സമുച്ചയത്തിലെ 10 നിലവറകളിലും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വീണ്ടും സർവേ നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.ശിവലിംഗം കണ്ടെതായി പറയപ്പെടുന്ന വുസുഖാന പ്രദേശം 2022 ലാണ് സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് സീൽചെയ്തത്. വുസുഖാനയുടെ സ്വഭാവവും അനുബന്ധ സവിശേഷതകളും നിർണ്ണയിക്കുന്നതിന് ആവശ്യമായ സർവേ നടത്തുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദ്ദേശിക്കുകയാണ് ഹർജിയിലെ ആവശ്യം.
അതേസമയം ജ്ഞാൻവാപി മന്ദിരത്തിൽ പൂജ നടത്താനുള്ള അനുമതി ചോദ്യം ചെയ്ത മസ്ജിദ് കമ്മിറ്റിയ്ക്ക് തിരിച്ചടി നേരിട്ടിരുന്നു. ആരാധന നടത്താനുള്ള അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ഹിന്ദുക്കൾക്ക് മന്ദിരത്തിൽ ആരാധന തുടരാമെന്നും കോടതി വ്യക്തമാക്കി.
ജ്ഞാൻവാപിയിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ വാരണാസി ജില്ലാ കോടതിയാണ് അനുമതി നൽകിയത്. ഇതേ തുടർന്ന് വ്യാഴാഴ്ച മുതൽ പൂജകൾ ആരംഭിക്കുകയും ചെയ്തു. ഇതിന് പിന്നാലെ അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Discussion about this post