കൊച്ചി; സിഎംആർഎൽ ആസ്ഥാനത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സംഘത്തിന്റെ റെയ്ഡ്. ഡെപ്യൂട്ടി ഡയറക്ടർ എം അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ഒൻപത് മണിക്ക് ആലുവയിലെ ഓഫീസിലെ ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ റെയ്ഡ് ആരംഭിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടീ വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
മുൻകൂട്ടി അറിയിക്കാതെ എത്തിയ അന്വേഷണസംഘം കമ്പനി ജീവനക്കാരോട് മൊബൈൽ ഫോണോ ലാൻഡ് ഫോണോ ഉപയോഗിക്കരുതെന്ന് നിർദേശം നൽകിയശേഷമാണ് പരിശോധന ആരംഭിച്ചത്.
കഴിഞ്ഞയാഴ്ചയാണ് മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷൻസിന് 1.72 കോടി രൂപ മാസപ്പടിയായി നൽകിയെന്ന പരാതിയിൽ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം എസ് എഫ് ഐ ഒയിലെ ആറ് ഓഫീസർമാരുടെ സംഘത്തെ നിയോഗിക്കുന്നത്.എട്ടുമാസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവിലെ നിർദേശം. എക്‌സാലോജിക്കിന് എതിരായ എസ്എഫ്‌ഐഒ അന്വേഷണ പരിധിയിൽ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐഡിസിയും ഉൾപ്പെടും. എക്‌സാലോജിക്ക്-സിഎംആർഎൽ ഇടപാട് അന്വേഷണവും എസ്എഫ്‌ഐഒയുടെ പരിധിയിൽ വരും.
സി എം ആർ എൽ ഉടമ ശശിധരൻ കർത്ത സംസ്ഥാന സർക്കാരിൽനിന്ന് നിയമവിരുദ്ധമായി ധാതുമണൽ ഖനനം ചെയ്യൽ അനുമതി നേടാനായി മുഖ്യമന്ത്രിയുടെ മകൾക്ക് ചെയ്യാത്ത ജോലിക്ക് മാസാമാസം പ്രതിഫലം നൽകിയെന്നാണ് പരാതി.
Discussion about this post