റാഞ്ചി: ഭൂമി തട്ടിപ്പ് തെളിഞ്ഞാൽ രാഷ്ട്രീയം വിടുമെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. വിശ്വാസ വോട്ടെടുപ്പിനിടെ നിയമസഭയിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ അറസ്റ്റിന് ഗവർണറും കാരണക്കാരൻ ആണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ രാഷ്ട്രീയത്തിലെ കറുത്ത അദ്ധ്യായം ആണ് തന്റെ അറസ്റ്റ്. ഭൂമി തട്ടിപ്പിലുള്ള തന്റെ പങ്ക് എന്താണ് ഇഡി തെളിയിക്കണം. ഇതിനായി ഇഡിയെ വെല്ലുവിളിക്കുകയാണ്. നിയമത്തെ എങ്ങനെയെല്ലാം ദുരുപയോഗം ചെയ്യാമെന്നത് ഇഡിയുടെ നടപടികൾ കണ്ട് പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എട്ടര ഏക്കർ ഭൂമി തട്ടിയെന്നതിന്റെ പേരിലാണ് തന്നെ ഇഡി അറസ്റ്റ് ചെയ്തിരിക്കുന്നത്. നിങ്ങൾക്ക് ധൈര്യം ഉണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണം. തനിക്ക് മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുകയാണെങ്കിൽ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും. 2022 മുതൽ തന്നെ തന്നെ അറസ്റ്റ് ചെയ്യുന്നതിനായുള്ള ഗൂഢാലോചനകൾ നടന്നുവരികയായിരുന്നു.
ആർക്കും മുൻപിലും തോറ്റ് തരുമെന്ന് കരുതണ്ട. തന്നെ അഴിയ്ക്കുള്ളിലാക്കി ഝാർഖണ്ഡ് ഭരിക്കാമെന്ന് ആർക്കെങ്കിലും മോഹം ഉണ്ടെങ്കിൽ അത് വ്യാമോഹമാണെന്നും ഹേമന്ത് സോറൻ തൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം 31 നായിരുന്നു ഹേമന്ത് സോറനെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റ് ചെയ്തത്. വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോറൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി അനുമതി നൽകുകയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ഇന്ന് സഭയിൽ എത്തിയത്.
Discussion about this post