തിരുവനന്തപുരം: സർവ്വമേഖലകളിലും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി. പറഞ്ഞു. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിർത്തതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിർത്തിട്ടില്ലെന്നും ഇനി എതിർക്കുകയും ഇല്ലെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഇതൊരു മുതലാളിത്ത സമൂഹമാണ്. പിണറായി വിജയൻ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട. കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവർഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാൻ ഈ ഗവൺമെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങൾക്കില്ല. ഭരണം മാത്രമേ 5 കൊല്ലത്തിൽ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
ഭൂപ്രഭുത്വത്തിന്റെ മേൽ ഇന്ത്യയിൽ മുതലാളിത്തം കെട്ടിപ്പൊക്കി. അതുകൊണ്ട് തന്നെ ഇന്ത്യയിൽ എവിടെയും വർഗ്ഗീയ കലാപങ്ങൾ നടക്കാനുള്ള സാഹചര്യം ഉണ്ട്. എന്നാൽ കേരളത്തിൽ അതിനെ പ്രതിരോധിക്കാൻ ആളുണ്ട്, പക്ഷെ ഇന്ത്യയിലെ മറ്റുള്ള സ്ഥലങ്ങളിൽ സാഹചര്യം അതല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post