ഗുവാഹത്തി:പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയും പ്രതിശ്രുതവരനും പിടിയില്‍. പ്രതികളായ അഞ്ജലി ഷാ (25), പ്രതിശ്രുതവരന്‍ രാകേഷ് ഷാ (27) എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്ര പൂനെ സ്വദേശിയായ സന്ദീപ് സുരേഷ് കാംബ്ലി (42) ആണ് കൊല്ലപ്പെട്ടത്. സന്ദീപിന്റെ ഫോണിലുണ്ടായിരുന്ന യുവതിയോടപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കുന്നതിനു വേണ്ടിയായിരുന്നു കൊലപാതകം .
കൊല്‍ക്കത്ത വിമാനത്താവളത്തിലെ റസ്റ്ററന്റില്‍ ജോലി ചെയ്തിരുന്ന അഞ്ജലി, കഴിഞ്ഞവര്‍ഷമാണ് കാര്‍ ഡീലറായ സന്ദീപിനെ വിമാനത്താവളത്തില്‍വച്ചു പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ രാകേഷുമായുള്ള അഞ്ജലിയുടെ വിവാഹം നേരത്തെ ഉറപ്പിച്ചിരുന്നു. ഇരുവരും തമ്മിലുുള്ള പ്രണയ ബന്ധം രാകേഷ് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. സന്ദീപിന്റെ കൈവശം തങ്ങള്‍ ഒരുമിച്ചുള്ള നിമിഷങ്ങളുടെ സ്വകാര്യചിത്രങ്ങള്‍ ഉള്ള കാര്യവും രാകേഷിനോട് അഞ്ജലി പറഞ്ഞു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സന്ദീപിനെ ഭീഷണിപ്പെടുത്തി ഫോണ്‍ തട്ടിയെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതനുസരിച്ച് സന്ദീപിനെ കാണണമെന്ന് അഞ്ജലി അറിയിച്ചു. എന്നാല്‍ ഗുവാഹത്തിയിലേക്ക് വരാന്‍ സന്ദീപ് ആവശ്യപ്പെട്ടു. രാകേഷിനെ കൂട്ടി അഞ്ജലി ഗുവാഹത്തിയിലേക്ക് പോയി. അഞ്ജലിയും സന്ദീപും പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുക്കുകയും ചെയ്തു. മുറിയിലേക്ക് രാകേഷ് വരുകയും ഇരുവരും ചേര്‍ന്ന് സന്ദീപിനെ ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ചിത്രങ്ങളടങ്ങിയ ഫോണുമായി കടന്നുകളഞ്ഞു.
ഹോട്ടല്‍ ജീവനക്കാരാണ് സന്ദീപിനെ മരിച്ചനിലയില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. ഹോട്ടല്‍ രജിസ്റ്റര്‍, സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ അഞ്ജലിയെയും രാകേഷിനെയും കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post