ആലപ്പുഴ; മുഖ്യമന്ത്രി സ്ഥാനത്തിന് വനിതാസംവരണം വേണമെന്ന ചില കേന്ദ്രങ്ങളുടെ ആവശ്യത്തോട് യോജിപ്പില്ലെന്ന് മുൻമന്ത്രി ജി. സുധാകരൻ. ചില വ്യക്തികളെ കണ്ടുകൊണ്ടാണ് ഇത്തരം ആവശ്യം ഉന്നയിക്കുന്നത്. മതിയായ യോഗ്യതയുളള വനിതകൾ മുഖ്യമന്ത്രിസ്ഥാനത്തേക്ക് എത്തുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ മുൻ മന്ത്രിയും എംഎൽഎയുമായ കെകെ ശൈലജയ്‌ക്കെതിരെ പരോക്ഷ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. .ആരാണ് ടീച്ചറമ്മയെന്നും അങ്ങനെ ഒരു അമ്മയില്ലെന്നും സുധാകരൻ പറഞ്ഞിരുന്നു. അവരുടെ പേര് പറഞ്ഞാൽ മതിയെന്നും ജി സുധാകരൻ പറഞ്ഞു. ഒരു പ്രത്യേക മന്ത്രി ആവാത്തതിന് വേദനിക്കേണ്ട ആവശ്യമില്ലെന്നും ജി സുധാകരൻ പറഞ്ഞു. ജോസഫ് എം പുതുശേരിയുടെ പുസ്തകത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയും മന്ത്രിമാരെക്കുറിച്ചും പറയുന്ന ഭാഗത്ത് കെ കെ ശൈലജയെ ടീച്ചർ അമ്മ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ജി സുധാകരന്റെ പരാമർശം.
ടീച്ചറമ്മയെ മന്ത്രിയാക്കില്ലെന്ന് ജോസഫ് എം പുതുശേരി എഴുതി. ഒരമ്മയ്ക്കും അങ്ങനെ ആരും പേരിട്ടിട്ടില്ല. അത്യാവശ്യം ലാത്തിയടി ഒക്കെ ചിലപ്പോൾ മന്ത്രിയാകാൻ കൊള്ളേണ്ടി വരുമെന്നും ജി സുധാകരൻ കൂട്ടിച്ചേർത്തു.കഴിവുള്ള ഒരുപാട് പേർ കേരളത്തിൽ മന്ത്രിമാർ ആയിട്ടില്ല. പലരും പല തരത്തിൽ മന്ത്രിമാർ ആകുന്നുണ്ട്. അത്യാവശ്യം ഒരു ലാത്തിയൊക്കെ ദേഹത്ത് കൊള്ളണം. അങ്ങനെയൊക്കെയാണ് മന്ത്രി ആകേണ്ടതെന്നും ജി സുധാകരൻ പറഞ്ഞു.
Discussion about this post