തിരുവനന്തപുരം: പൂജപ്പുരയിൽ ഹാൾടിക്കറ്റ് പരിശോധിക്കുന്നതിനിടെ പിഎസ് സി പരീക്ഷയ്‌ക്കെത്തിയ ആൾ ഇറങ്ങിയോടി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂളിലായിരുന്നു സംഭവം. ആൾമാറാട്ട ശ്രമമാണ് നടന്നത് എന്നാണ് സൂചന. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. യൂണിവേഴ്‌സിറ്റി എൽജിഎസ് പരീക്ഷയിലാണ് ആൾമാറാട്ടം നടത്താൻ ശ്രമം ഉണ്ടായത്. പരീക്ഷാ ഹാളിൽ തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റിലെ ചിത്രവും ഒത്ത് നോക്കിയപ്പോൾ ഇൻവിജിലേറ്റർക്ക് സംശയം തോന്നുകയായിരുന്നു. ഇക്കാര്യം പരീക്ഷ എഴുതാൻ എത്തിയ ആളോട് പ്രകടിപ്പിക്കുകയും ചെയ്തു. ഇതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു.
ഉടനെ ഇക്കാര്യം അധികൃതരെ അറിയിച്ചു. അധികൃതർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. ഇയാൾക്കായി സ്‌കൂളിലെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
Discussion about this post