ന്യൂഡൽഹി; പ്രതിപക്ഷ പാർട്ടിയായി കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ പ്രസംഗത്തിൽ മുൻ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ ഭൂമി ശത്രുക്കൾക്ക് വിട്ടുകൊടുത്തുവെന്ന് ആരോപിച്ചു. രാജ്യത്തെ വിഭജിക്കാൻ അവർ കഥകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് പാർട്ടി ഇപ്പോൾ ‘വടക്ക്-തെക്ക്’ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു.
പാർലമെന്റിലെ സംവാദങ്ങൾ കേൾക്കാനുള്ള ഉദ്ദേശത്തോടെയല്ല പ്രതിപക്ഷം വന്നിരിക്കുന്നതെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിപക്ഷത്തിന് തന്റെ ശബ്ദം അടിച്ചമർത്താൻ കഴിയില്ലെന്നും വ്യക്തമാക്കി. കാലഹരണപ്പെട്ട പാർട്ടിയായി കോൺഗ്രസ് അധപതിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷവും കോൺഗ്രസ് അടിമത്ത സ്വഭാവം തുടർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് കോൺഗ്രസിന്റെ ഭാഗത്ത് നിന്നും എല്ലായ്‌പ്പോഴും ഉണ്ടാകുന്നത്. ഇപ്പോഴിതാ തെക്കേ ഇന്ത്യ വിഭജിക്കണമെന്നതടക്കുള്ള ചർച്ചകളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ശബ്ദത്തിന് കരുത്ത് പകരുന്നത് ജനങ്ങളാണ്. ബിജെപിക്ക് 400 സീറ്റ് ലഭിക്കുമെന്ന് പറഞ്ഞ് ഖാർഗെ തങ്ങളെ അനുഗ്രഹിച്ചിരിക്കുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി രാഹുൽ ഗാന്ധിയേയും പരിഹാസ രൂപേണ വിമർശിച്ചു. കമാണ്ടർ ഡൽഹിയിൽ ഇല്ലാത്തതിനാൽ ഖാർഗെക്ക് സ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണെന്നായിരുന്നു രാഹുലിനെ പരോക്ഷമായി പ്രധാനമന്ത്രി പരിഹസിച്ചത്.
അതേസമയം പാർലമെന്റിന്റെ ഇപ്പോൾ നടക്കുന്ന ബജറ്റ് സമ്മേളനം ശനിയാഴ്ച വരെ നീട്ടുന്നതായി പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. 2014 ന് മുമ്പും ശേഷവുമുള്ള ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ താരതമ്യം ചെയ്ത് സർക്കാർ ഒരു ധവളപത്രം അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്
Discussion about this post