മുംബൈ: മഹാരാഷ്ട്രയിൽ ശക്തമായ തിരിച്ചടി നേരിട്ട് കോൺഗ്രസ്. മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ബാബാ സിദ്ദിഖ് രാജിവച്ചു. ഇതോടെ നീണ്ട 48 വർഷക്കാലത്തെ കോൺഗ്രസിനൊപ്പമുള്ള യാത്രയാണ് അദ്ദേഹം അവസാനിപ്പിച്ചത്.
രാവിലെ എക്‌സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാജിയുടെ കാരണം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പെട്ടെന്നുള്ള തീരുമാനത്തെ തുടർന്നാണ് രാജി എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. എങ്കിലും നേതൃത്വവുമായുള്ള അതൃപ്തിയെ തുടർന്നാണ് സിദ്ദിഖിന്റെ രാജിയെന്നാണ് സമൂഹമാദ്ധ്യമ കുറിപ്പിൽ നിന്നും വ്യക്തമാകുന്നത്.
കൗമാരക്കാരൻ ആയിരിക്കുമ്പോഴാണ് താൻ കോൺഗ്രസിന്റെ ഭാഗം ആയത് എന്ന് അദ്ദേഹം പറഞ്ഞു. 48 വർഷം നീണ്ട നിർണായക യാത്ര അവസാനിപ്പിക്കുകയാണ്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്ക്കുന്നുവെന്നും സിദ്ദിഖ് എക്‌സിൽ കുറിച്ചു.
ഒരുപാട് കാര്യങ്ങൾ നിങ്ങളുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ ചിലതെല്ലാം പറയാത്തത് ആണ് നല്ലത്. തന്റെ രാഷ്ട്രീയ യാത്രയിൽ ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന്റെ രാജിയോട് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല.
Discussion about this post