മുംബൈ :റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനം. റിസര്‍വ് ബാങ്ക് ,ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശയായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരും. കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക വളര്‍ച്ചയും പരിഗണിച്ചാണ് ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് മാറ്റമില്ലാതെ തുരുന്നത്. ധന നയ യോഗത്തിന് ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചത്.
ആറാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചത്. ആര്‍ബിഐ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ചൊവ്വാഴ്ചയാണ് യോഗം ആരംഭിച്ചത്. ആറില്‍ അഞ്ച് അംഗങ്ങളും നിരക്ക് തീരുമാനത്തെ അനുകൂലിച്ച് വോട്ട് ചെയ്യ്തതോടെയാണ് തീരുമാനം ആയത്. പണപ്പെരുപ്പനിരക്ക് നാലു ശതമാനത്തിന് താഴെ എത്തിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള നടപടികളുമായി മുന്നോട്ട് പോകാനും എംപിസി യോഗം തീരുമാനിച്ചിട്ടുണ്ട്.
2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. പണപ്പെരുപ്പം തടയുന്നതിനായി 2023 ഫെബ്രുവരിയില്‍ ബെഞ്ച്മാര്‍ക്ക് പലിശ നിരക്ക് 6.25 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി ഉയര്‍ത്തിയിരുന്നു. 2023 ല്‍ 7.44 ശതമാനം എന്ന ഏറ്റവും ഉയര്‍ന്ന നിരക്കില്‍ റീട്ടെയിൽ പണപ്പെരുപ്പം എത്തിയിരുന്നു. എന്നാല്‍ 2023 ഡിസംബറില്‍ ഇത് 5.69 ശതമാനമായി കുറയുകയും ചെയ്തിരുന്നു.
Discussion about this post