അഹമ്മദാബാദ്: കാറപകടത്തിൽ ഭാര്യ മരിച്ചതിന് പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ചതിന് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ്. ഗുജറാത്തിലാണ് അസാധാരണ സംഭവം നടന്നത്. 55കാരനായ പരേഷ് ദോഷിയാണ് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.
തെരുവ് നായ വാഹനത്തിൽ മുന്നിൽ ചാടിയതാണ് അപകടത്തിന് കാരണമായത്. ദാൻ മഹൂദി ഗ്രാമത്തിന് അടുത്തുള്ള ദേശീയ പാതയിൽ വെച്ചാണ് അപകടം. നായയെ രക്ഷിക്കാനായി വാഹനം പെട്ടെന്ന് ഇദ്ദേഹം തിരിയ്ക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ അടുത്തുള്ള ബാരിക്കേഡിൽ ഇടിച്ചാണ് അപകടമുണ്ടായത്.
ഇടിയുടെ ആഘാതത്തിൽ റോഡിലെ താൽക്കാലിക തൂണുകളിലൊന്ന് കാറിനുള്ളിലേക്ക് തറച്ചുകയറുകയായിരുന്നു. മുന്നിലിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അമൃതയ്ക്ക് ഇതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അമൃതയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തന്റെ അശ്രദ്ധ കൊണ്ടാണ് അപകടമുണ്ടായതെന്നും അതിനാൽ സംഭവത്തിൽ തനിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയും ചെയ്തു.
Discussion about this post