കൊച്ചി; പിവി അൻവർ എംഎൽഎയുടെ കോഴിക്കോട് കക്കാടംപൊയിലിലെ പാർക്കിന് തിരക്കിട്ട് ലൈസൻസ് നൽകിയത് എന്തിനെന്ന് ഹൈക്കോടതി. അൻവറിന്റെ പാർക്കിന് എന്തിനാണ് ഇത്ര തിടുക്കപ്പെട്ട് ലൈസൻസ് നൽകിയതെന്നും പാർക്കിൽ എന്തൊക്കെ പ്രവർത്തിപ്പിക്കാനാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കി പി.വി. അൻവറും കൂടരഞ്ഞി പഞ്ചായത്തും സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു.
കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി.വി. രാജനാണു പാർക്കിന്റെ പ്രവർത്തനത്തിനെതിരെ കോടതിയെ സമീപിച്ചത്. ഇതിന്റെ വാദത്തിനിടെയാണ് പഞ്ചായത്തിനോടും അൻവർ എം.എൽ.എയോടും സത്യവാങ്മൂലം നൽകാൻ ജസ്റ്റിസ് വിജു എബ്രഹാം നിർദേശിച്ചിരിക്കുന്നത്.
ലൈസൻസ് കുടിശ്ശികയായിരുന്ന ഏഴുലക്ഷം രൂപ ഗ്രാമപ്പഞ്ചായത്തിൽ അടച്ചതിനെത്തുടർന്നാണ് ബുധനാഴ്ച പാർക്കിന് പഞ്ചായത്ത് അനുമതി നൽകിയത്. വെള്ളവും വൈദ്യുതിസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഗാർഡനും റൈഡറും ഉൾപ്പെടുന്ന പാർക്കിന് മാത്രമേ അനുമതി നൽകിയിട്ടുള്ളൂവെന്ന് പഞ്ചായത്ത് കോടതിയെ അറിയിച്ചു. ലൈസൻസ് ഇല്ലാതെ പാർക്ക് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതിയുടെ ചോദ്യത്തിന് പിന്നാലെയാണ് ധൃതിയിൽ ലൈസൻസ് അനുവദിച്ചത്.
2018 ലാണ് മണ്ണിടിച്ചിലിനെ തുടർന്ന് പാർക്ക് അടച്ചുപൂട്ടാൻ ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയത്. പി വി അൻവർ എംഎൽഎ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ 2023 ൽ പാർക്കിന് അനുമതി നൽകിയെങ്കിലും ലൈസൻസ് പുതുക്കി നൽകിയിരുന്നില്ല. കുടിശ്ശിക അടയ്ക്കാതെ ലൈസൻസ് നൽകാൻ കഴിയില്ലെന്നായിരുന്നു പഞ്ചായത്തിന്റെ നിലപാട്.
Discussion about this post