തൃശ്ശൂർ: ദേശീയ അദ്ധ്യാപക പരിഷത് (എൻടിയു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ഇന്ന് രാവിലെ 9.30 ന് സാഹിത്യ അക്കാദമി ഹാളിൽ പതാകാരോഹണം നടത്തിയാണ് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ചത്. പരിപാടി ദേശീയ സഹ സംഘടനാ സെക്രട്ടറി ജി. ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു.
രാഷ്ട്ര ഹിതത്തിന് വിദ്യാഭ്യാസം വിദ്യാഭ്യാസ ഹിതത്തിന് സമാജം, സമാജ ഹിതത്തിന് അധ്യാപകർ എന്ന സ്വത്വം തിരിച്ചറിഞ്ഞാവണം അധ്യാപകർ പ്രവർത്തിക്കേണ്ടതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലക്ഷ്മൺ പറഞ്ഞു. ഇതു തന്നെയാണ് ദേശീയ അധ്യാപക പരിഷത്തും മാതൃസംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘും ചൂണ്ടിക്കാട്ടുന്നത്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ അധ്യാപകരാണ് ചൂണ്ടിക്കാണിക്കേണ്ടത്. ആത്മീയതയിലൂന്നിയ വികാസ പ്രവർത്തനങ്ങളാണ് ഭാരതീയ സംസ്‌കൃതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഋഷി പ്രോക്തങ്ങളായ ആപ്തവാക്യങ്ങൾ വിദ്യാർത്ഥി മനസ്സിൽ ഭാവനാരൂപകല്പന സൃഷ്ടിക്കും വിധം, അവരിൽ മൂല്യങ്ങളുണർത്തും വിധം പതിയണം .അപ്പോൾ ഭാരതം വിശ്വഗുരുത്വത്തിലേയ്ക്ക് ഉയരും. രാഷ്ട്രത്തിന്റെ മുഖമുദ്രകളായ അധ്യാപകർക്കാണ് ഇതിന് സാധിക്കുക . അധ്യാപകർക്ക് സമൂഹനിർമാണത്തിൽ അതുല്യമായ പങ്ക് വഹിക്കാനുണ്ട്. വികസിത ഭാരതം എന്നാൽ ഒരു തരത്തിലുമുള്ള തരംതാഴ്ത്തൽ ഇല്ലാത്തതാവണം. അതാണ് വിദ്യാഭ്യാസം നേടുന്നതു കൊണ്ട് സാക്ഷാത്കരിക്കാനുള്ളത് ലക്ഷ്മൺ കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാർ പ്രതിനിധി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗം എം.എസ്. സമ്പൂർണ , ബി.ജെ.പി. മേഖല സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ , തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എൻ.പ്രസാദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. എൻടിയു സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ് കുമാർ സ്വാഗതവും സംസ്ഥാന ട്രഷറർ എം.ടി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു . പ്രതിനിധി സമ്മേളനത്തിന്റെ തുടർച്ചയായി നടക്കുന്ന സുഹൃദ് സമ്മേളനം ആർ.എസ്.എസ് ദക്ഷിണ ക്ഷേത്ര സഹകാര്യവാഹ് എം.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
അധ്യാപനം രാഷ്ട്ര സേവനം, വിദ്യാഭ്യാസം രാഷ്ട്ര പുരോഗതിക്ക് എന്ന മഹത്തായ ആശയത്തിലടിയുറച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ദേശീയ അദ്ധ്യാപക പരിഷത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നത് സംഘടനയിലൂടെ എന്ന തിരിച്ചറിവാണ്
സംസ്ഥാന സമ്മേളനം മുന്നോട്ട് വയ്ക്കുന്നത്.
Discussion about this post