ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ സാമ്പത്തിക വർഷം നികുതിയായി അടച്ചത് 508,000 പൗണ്ട്, അതായത് ഏകദേശം അഞ്ചര കോടി രൂപയ്ക്ക് മുകളിളെന്ന് റിപ്പോർട്ട്. ശമ്പളമായും ബിസിനെസ്സിൽ നിന്നുമെല്ലാമായി കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് ആണ്. അതായത് ഏകദേശം 22 കോടി രൂപ,കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട നികുതി രേഖയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെന്ന നിലയിൽ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ലഭിച്ചത് 432,884 പൗണ്ടാണ്. ഇതിന് നികുതിയായി 163,364 പൗണ്ട് അടച്ചു. ഇതിനു പുറമേ അമേരിക്കയിലെ ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിൽനിന്നുള്ള 1.8 മില്യൻ വരുമാനത്തിന് ക്യാപിറ്റൽ ഗെയിൻ ടാക്‌സായി 359,240 പൗണ്ടും നൽകി.അടച്ച മൊത്തം നികുതിയുടെ 70 ശതമാനവും ഓഹരികൾ പോലുള്ള നിക്ഷേപങ്ങളുടെ വിൽപ്പനയിൽ നിന്നുള്ള ലാഭത്തിന്റെ നികുതിയാണെന്നാണ് വിവരം.
2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇതു രണ്ടാം തവണയാണ് ഋഷി സുനക് തന്റെ വരുമാനവും നികുതിയ വിവരങ്ങളും പരസ്യമാക്കുന്നത്. കഴിഞ്ഞ മാർച്ചിലായിരുന്നു ഇതിനു മുമ്പ് സമാനമായ രീതിയിൽ അദ്ദേഹം ഇത് പൊതുസമൂഹത്തിനു മുന്നിൽ വച്ചത്. പ്രധാനമന്ത്രിയാകുന്നതിന് മുമ്പുള്ള മൂന്നുവർഷത്തെ കണക്കുകൾ ഒരുമിച്ചായിരുന്നു അന്ന് അദ്ദേഹം പുറത്തുവിട്ടത്.തന്റെ വരുമാനത്തിന്റെ വിശദാംശങ്ങൾ നൽകാൻ ബാധ്യസ്ഥനല്ലെങ്കിലും, തന്റെ സ്വകാര്യ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത നൽകുന്നതിന് വരുമാന കണക്കുകൾ പുറത്തുവിടുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ചെയ്തത്.
ഇന്ത്യൻ ഐടി സേവന കമ്പനിയായ ഇൻഫോസിസിന്റെ സഹ സ്ഥാപകരിൽ ഒരാളായ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെയാണ് ഋഷി സുനക് വിവാഹം ചെയ്തിരിക്കുന്നത്. ഭാര്യയുടെ ആസ്തി കൂടി കണക്കിലെടുക്കുമ്പോൾ ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ധനികനായ പ്രധാനമന്ത്രിയാണ് ഋഷി സുനക്.
Discussion about this post