കോഴിക്കോട്: കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. കോഴിക്കോട് പന്നിയങ്കര വില്ലേജ് ഓഫീസ് അസിസ്റ്റന്റ് സാനുവാണ് വിജിലൻസിന്റെ പിടിയിലായത്. ലൊക്കേഷൻ സ്‌കെച്ച് നൽകാൻ 500 രൂപ കൈക്കൂലിയായി വില്ലേജ് ഓഫീസർ ആവശ്യപ്പെട്ടുവെന്നാണ് വിജിലൻസ് പറയുന്നത്.
കല്ലായിസ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് കേരള സർക്കാരിന്റെ ”പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്‌കെച്ചിനു വേണ്ടി കഴിഞ്ഞ വ്യാഴാഴ്ച പന്നിയങ്കര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകി. അന്നേ ദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു സ്ഥല പരിശോധനക്കായി വരുകയും 500 രൂപ കൈക്കൂലി നൽകിയാലെ ലൊക്കേഷൻ സ്‌കെച്ച് നൽകുകയുള്ളുവെന്ന് അറിയിച്ചു.പിന്നാലെ പരാതിക്കാരൻ ഈ വിവരം കോഴിക്കോട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഇ. സുനിൽ കുമാറിനെ അറിയിച്ചു. തുടർന്നാണ് കെണിയൊരുക്കി അറസ്റ്റ് ചെയ്തത്.
Discussion about this post