ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേരിൽ മാറ്റം. പുരസ്‌കാരങ്ങളിൽ നിന്നും ഇന്ദിരാ ഗാന്ധിയുടെയും, സിനിമാ താര നർഗീസ് ദത്തിന്റെയും പേരുകൾ മാറ്റി. ഇതിന് പുറമേ പുരസ്‌കാരങ്ങളുടെ സമ്മാനത്തുക വർദ്ധിപ്പിച്ചിട്ടുണ്ട്.
സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ടെ ദേശീയ ചലച്ചിത്ര പുരസ്‌കാര സമിതിയാണ് പേര് മാറ്റാൻ തീരുമാനിച്ചത്. സമിതിയുടെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിന് പിന്നാലെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തുവിട്ടത്. പുരസ്‌കാരങ്ങളിൽ നടത്തേണ്ട കാലോചിതമായ മാറ്റത്തിന്റെ ഭാഗമായാണ് നടപടി.
മികച്ച സംവിധായകൻ, ചലച്ചിത്രം എന്നിവയ്ക്ക് നൽകുന്ന സ്വർണ കമലം പുരസ്‌കാര തുകയാണ് വർദ്ധിപ്പിച്ചത്. എല്ലാ വിഭാഗത്തിലും പുരസ്‌കാര തുക മൂന്ന് ലക്ഷമാക്കി ഉയർത്തി. രജത കമലം പുരസ്‌കാരം രണ്ട് ലക്ഷം രൂപയാക്കി. ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽക്കേ പുരസ്‌കാരം 15 ലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്. നേരത്തെ ഇത് 10 ലക്ഷം രൂപയായിരുന്നു.
നവാഗത സംവിധായകനുള്ള സമ്മാനതുക സംവിധായകനും നിർമ്മാതാവും പങ്കിടുകയായിരുന്നു തുടർന്ന് വന്നിരുന്ന രീതി. ഇതിലും സമിതി മാറ്റം വരുത്തിയിട്ടുണ്ട്. ഇനി മുതൽ സംവിധായകന് മാത്രമായിരിക്കും പുരസ്‌കാര തുക ലഭിക്കുക.
Discussion about this post