അബുദാബി: യുഎഇയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നിർവഹിക്കും. യുഎഇയിലെ പുരോഹിതന്മാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. അയ്യായിരത്തോളം ഭക്തർ പ്രതിഷ്ഠാ ചടങ്ങിൽ എത്തുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി. മാർച്ച് ഒന്നിനാണ് ക്ഷേത്രം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുക.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയിൽ എത്തിയിരിക്കുന്നത്. വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സയാദ് അയ് നഹ്യാൻ സ്വീകരിച്ചു. ഇരുവരും പരസ്പരം ആലിംഗനം ചെയ്ത് കൊണ്ട് അഭിവാദ്യം ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇതിനോടകം പ്രചരിച്ചിട്ടുണ്ട്.
അറബ് രാഷ്ട്രത്തിൽ ഇത്തരത്തിൽ ഒരു ക്ഷേത്രം സാധ്യമാക്കിയതിൽ പ്രധാനമന്ത്രി യുഎഇ പ്രസിഡന്റിനോട് നന്ദിയറിച്ചു. ഇന്ത്യയോടുള്ള സ്‌നേഹവും ആദരവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും മോദി പറഞ്ഞു.
ഇന്ത്യയോടുള്ള നിങ്ങളുടെ സ്‌നേഹത്തിന്റെയും ആദരവിന്റെയും യുഎഇയുടെ ഉജ്വലമായ ഭാവിക്കു വേണ്ടിയുള്ള ദാർശനികതയുടെയും പ്രതിഫലനമാണ് ബാപ്‌സ് ക്ഷേത്രം. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് ഒരിക്കലും സാധ്യമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post