ന്യൂഡൽഹി: ഡിജിറ്റൽ പേയ്മെന്റായ പേടിഎം പേയ്മെന്റ് ബാങ്ക് ലിമിറ്റഡിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷണം ആരംഭിച്ചതായി വിവരം.പേയ്‌മെൻറ് ബാങ്കിൻറെ മറവിൽ വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് നിക്ഷേപം സ്വീകരിച്ചുവെന്നതും കള്ളപ്പണം വെളുപ്പിച്ചുവെന്നതുമാണ് പേടിഎം നേരിടുന്ന ആരോപണം. ഫെമ ലംഘനങ്ങളിൽ പേടിഎം പേയ്മെന്റ് ബാങ്കും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഇഡി അന്വേഷിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാർത്ത നിഷേധിച്ചു പേടിഎം അധികൃതർ രംഗത്തെത്തി.
ചട്ടലംഘനം ചൂണ്ടിക്കാട്ടി പേടിഎമ്മിന് എതിരായി സ്വീകരിച്ച നടപടികൾ തിരുത്തില്ലെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ രംഗത്തെത്തിയിരുന്നു. പേടിഎമ്മിന്റെ പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണു നടപടി സ്വീകരിച്ചതെന്നു റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
അതേസമയം പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ ഓഹരികളിൽ വീണ്ടും വൻ ഇടിവ്. വെറും 10 ദിവസം കൊണ്ട് 26,000 കോടി രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. ആർബിഐ നിരോധനം പ്രഖ്യാപിച്ച് 10 ട്രേഡിംഗ് ദിവസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഓഹരികളുടെ ആകെ മൂല്യത്തിന്റെ 55 ശതമാനം നഷ്ടമായി. വിപണി മൂലധനമനുസരിച്ച് ഇത് ഏകദേശം 26,000 കോടി രൂപയ്ക്ക് തുല്യമാണ്. സമഗ്രമായ സിസ്റ്റം ഓഡിറ്റ് റിപ്പോർട്ടിനും പുറത്തു നിന്നുള്ള ഓഡിറ്റർമാരുടെ കംപ്ലയൻസ് വാലിഡേഷൻ റിപ്പോർട്ടിനും ശേഷമാണ് പേടിഎമ്മിനെതിരെയുള്ള നടപടിയെന്ന് ആർബിഐ വ്യക്തമാക്കി. 2017 മെയ് മാസത്തിൽ പ്രവർത്തനം ആരംഭിച്ചത് മുതൽ 5 തവണയെങ്കിലും നിയമ വിധേയമല്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി പേടിഎം വിവാദത്തിൽ പെട്ടിട്ടുണ്ട്.
ഫെബ്രുവരി 29നു ശേഷം പേടിഎം ബാങ്കിന്റെ സേവിങ്‌സ്, കറന്റ് അക്കൗണ്ടുകൾ, വാലറ്റുകൾ, ഫാസ്ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് എന്നിവയിൽ പണം നിക്ഷേപിക്കാനാകില്ലെന്നു ജനുവരി 31നാണ് ആർബിഐ വ്യക്തമാക്കിയത്. അതേസമയം,29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിൻവലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കുന്നതിനോ തടസമില്ലെന്നു അറിയിച്ചിരുന്നു. എന്നാൽ ബാലൻസ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നാണ് ഉത്തരവ്.
Discussion about this post