ശ്രീനഗർ: ജമ്മുകശ്മീർ മുൻ മന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായിരുന്ന മുഷ്താഖ് ബുഖാരി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനത്ത് വച്ച് സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌നയുടെയും മറ്റ് നേതാക്കളുടെയും സാന്നിദ്ധ്യത്തിലാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
”മുൻ മന്ത്രിയും എൻസി നേതാവുമായ ജെനാബ് സയ്യിദ് മുഷ്താഖ് ബുഖാരി ബിജെപിയിൽ ചേർന്നു. ജമ്മു കശ്മീർ ബിജെപി അദ്ധ്യക്ഷൻ രവീന്ദർ റെയ്ന, ജനറൽ സെക്രട്ടറി അശോക് കൗൾ, വിപോദ് ഗുപ്ത എന്നിവരുടെ സാന്നിദ്ധ്യത്തിൽ അദ്ദേഹത്തിന് പാർട്ടി അംഗത്വം നൽകി’- ജമ്മു കശ്മീരിലെ ബിജെപി എക്‌സിൽ കുറിച്ചു.
പുതിയ രാഷ്ട്രീയ യാത്രയിൽ ജനങ്ങളുടെ പിന്തുണ അഭ്യർർത്ഥിക്കുകയാണെന്ന് ബുഖാരി പറഞ്ഞു. 2022ലാണ് മുൻ മന്ത്രിയും പഹാരി നേതാവുമായ മുഷ്താഖ് ബുഖാരി എൻസിയിൽ നിന്ന് രാജി വച്ചത്. പഹാരി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് എൻസി നേതൃത്വം പിന്തുണ നൽകാത്തതിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ രാജി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ പഹാരി നേതാവായിരുന്ന ഷഹനാസ് ഗാനെ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, എംപി തരുൺ ചുഗ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷഹനാസ് ഗാനെ പാർട്ടി അംഗത്വം സ്വീകരിച്ചത്. രജൗരിയിലെ ജില്ലാ വികസന ബോർഡ് അംഗങ്ങളായ മിർ, മാലിക് എന്നിവരും ഇതിന് മുൻപ് ബിജെപിയിൽ ചേർന്നിരുന്നു.
Discussion about this post