തൃശൂർ: എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകാറുണ്ടെന്ന വെളിപ്പെടുത്തലുമായി ബാർ ഉടമകൾ. തൃശൂർ ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണമാണ് ബാർ ഉടമകൾ ഉയർത്തുന്നത്.തൃശൂരിലെ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഇനി മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ യോഗത്തിലാണ് തീരുമാനം. വർഷത്തിൽ 15 തവണ മുപ്പതിനായിരം രൂപ വീതം ബാർ ഒന്നിന് നൽകേണ്ടി വന്നെന്ന പരാതിയിലാണ് സംഘടന തീരുമാനമെടുത്തത്.
ഇനിയും കൈക്കൂലി ആവശ്യപെട്ടാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നാണ് അംഗങ്ങൾ വ്യക്തമാക്കിയത്. തൃശൂർ ജില്ലയിൽ ഒരു ബാർ മുപ്പതിനായിരം രൂപ പ്രതിമാസം എക്‌സൈസ് സംഘത്തിന് കൈക്കൂലി നൽകുന്നുവെന്നാണ് ബാറുടമകൾ പറയുന്നത്. 12 മാസവും മാസപ്പടി നൽകുന്നതിന് പുറമെ മൂന്ന് ഉത്സവ സമയത്തും മാസപ്പടി നൽകേണ്ടി വരുന്നുണ്ട്.
പരാതി വ്യാപകമായതോടെയാണ് കൈക്കൂലി നൽകേണ്ടെന്ന തീരുമാനം സംഘടന വീണ്ടും എടുത്തത്. 2017 ൽ സമാന തീരുമാനമെടുത്തിരുന്നു. പുതിയ സാഹചര്യത്തിൽ ആ തീരുമാനം ഒന്നുകൂടെ ഉറപ്പിക്കുകയായിരുന്നെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് പറഞ്ഞു.
Discussion about this post